ബാലുശ്ശേരി: ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യാനുള്ള ഉപകരണങ്ങൾ ലോറിയിൽനിന്നിറക്കാൻ അമിത കൂലി ചോദിച്ച തൊഴിലാളിയെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് സസ്പെൻഡ് ചെയ്തു. ബാലുശ്ശേരി ചുമട്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗവും ബ്ലോക്ക് റോഡ് ബി. പൂൾ തൊഴിലാളിയുമായ ചന്ദ്രൻ പുത്തൂർവട്ടത്തെയാണ് ക്ഷേമനിധി ബോർഡ് കൊയിലാണ്ടി സബ് കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയർ, മുച്ചക്ര സൈക്കിളുകൾ എന്നിവ ലോറിയിൽനിന്ന് ഇറക്കിവെക്കാൻ തൊഴിലാളികൾ 11000 രൂപ കൂലി ചോദിച്ചിരുന്നു. ഇത്രയും തുക ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നീക്കിയിരിപ്പില്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും ലോഡ് ഇറക്കാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ ഭീഷണിപ്പെടുത്തി. ഇതേ തുടർന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിതയുടെയും വൈസ് പ്രസിഡന്റ് ടി.എം. ശശിയുടെയും നേതൃത്വത്തിൽ ബ്ലോക്ക് ഓഫിസിലെ മറ്റു മൂന്നു ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ലോറിയിൽനിന്നും ഉപകരണങ്ങൾ സ്വയം ഇറക്കിവെക്കുകയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ എ.ഡി.ഐ.പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ളതാണ് ഉപകരണങ്ങൾ. 11000 രൂപ കൂലി ചോദിച്ചെങ്കിലും 7000 രൂപക്ക് ഇറക്കി കൊടുക്കുമെന്ന് തൊഴിലാളികൾ പറഞ്ഞിട്ടുണ്ടെന്നും അത് അമിതമല്ലെന്നും നിശ്ചിത കൂലിയാണെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.
ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ ലോറിയിൽനിന്നിറക്കാൻ ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തൊഴിലാളി അന്യായമായ കൂലിചോദിച്ച നടപടി അപലപനീയമാണെന്ന് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത സി.ഐ.ടി.യു യൂനിയൻ നിലപാടിൽ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിലാളി സംഘടനകളെ ജനങ്ങളിൽനിന്നകറ്റുന്ന ഇത്തരം പ്രവണതകൾ തൊഴിൽ സാധ്യത നശിപ്പിക്കുമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. വി.സി. വിജയൻ അധ്യക്ഷത വഹിച്ചു
ടി.കെ. രാജേന്ദ്രൻ, കെ.കെ. പരീദ്, രാജേഷ് കുമാർ, വി.ബി വിജീഷ്, ശ്രീനിവാസൻ കോരപ്പറ്റ, രാജേന്ദ്രൻ ചാക്യണ്ടി, സി.വി. ബഷീർ, ബാലൻ പാറക്കൽ, എ.പി. വിലാസിനി, റിലേഷ് ആശാരിക്കൽ എന്നിവർ സംസാരിച്ചു.
ബാലുശ്ശേരി: ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ ലോറിയിൽനിന്നിറക്കാൻ കൂലിയായി 11,000 രൂപ ആവശ്യപ്പെട്ട സി.ഐ.ടി.യു തൊഴിലാളികളുടെ മനുഷ്യത്വരഹിതമായ സമീപനം കേരളത്തിനുതന്നെ നാണക്കേടാണെന്ന് ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ പി. മുരളീധരൻ നമ്പൂതിരി, കൺവീനർ നിസാർ ചേലേരി എന്നിവർ അഭിപ്രായപ്പെട്ടു. അമിത കൂലി നൽകാൻ തയാറാകാത്തതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ലോഡ് ഇറക്കേണ്ടിവന്ന സാഹചര്യം കേരളത്തിനു തന്നെ അപമാനകരമായി വന്നിരിക്കുകയാണ്. സംഭവത്തിൽ സി.ഐ.ടി.യു നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.