ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡിൽ വീണ്ടും കാട്ടുപോത്തിന്റെ ഭീഷണി. ഡാം സൈറ്റ് റോഡിൽ കക്കയം വാലിക്കടുത്ത് കഴിഞ്ഞ ദിവസം കർഷകൻ വേമ്പുവിള ജോണിനെയാണ് കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന ജോണിനെ ഡാം സെറ്റ് റോഡിൽ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനടുത്ത് വെച്ചാണ് കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചത്.
ബൈക്കിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കാട്ടുപോത്തിൻ കൂട്ടം കഴിഞ്ഞ മാസവും ഡാം സെറ്റ് റോഡിലിറങ്ങിയിരുന്നു. ബൈക്കിൽ സഞ്ചരിച്ച കെ.എസ്.ഇ.ബി ജീവനക്കാർ കാട്ടുപോത്ത് കൂട്ടത്തിനു മുമ്പിൽപ്പെടുകയുമുണ്ടായി.
കഴിഞ്ഞ മാസം 5ന് കർഷകനായ പാലാട്ടിൽ അബ്രഹാമിനെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്ത് ഡാം സൈറ്റ് പരിസരത്തു തന്നെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ജോണിനെ ആക്രമിക്കാൻ ശ്രമിച്ച കാട്ടുപോത്ത് അബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്താണെന്ന് സംശയിക്കുന്നുണ്ട്.
അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ വനം വകുപ്പ് ഉത്തരവിറക്കിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉൾവനത്തിലേക്ക് കാട്ടുപോത്ത് കൂട്ടത്തോടെ പോയിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കാട്ടുപോത്തിന്റെ ഭീഷണി കാരണം ഡാം സൈറ്റിലെ വനം വകുപ്പ് ഇക്കോ ടൂറിസവും ഹൈഡൽ ടൂറിസവും കഴിഞ്ഞ രണ്ടുമാസത്തിലധികമായി അടച്ചിട്ട നിലയിൽതന്നെയാണ്.
കക്കയം അങ്ങാടിക്കടുത്തും കൃഷിയിടങ്ങളിൽ കാട്ടാനയുടെയും നിലനിൽക്കുന്നുണ്ട്. താൽക്കാലിക പ്രതിരോധ സംവിധാനങ്ങളെല്ലാം ഇപ്പോഴും കടലാസിൽതന്നെയാണ്. വനാതിർത്തികളിൽ സൗരോർജ കമ്പിവേലി എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിയിടങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ താൽക്കാലികമായി മുളവേലി കെട്ടാനുള്ള തയാറെടുപ്പിലാണ് ഇവിടത്തെ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.