ബാലുശ്ശേരി: കിനാലൂർ മങ്കയം മലയോര മേഖലകളിൽ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് ഭൂമി കത്തിനശിച്ചു. പനങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിൽ കൈതച്ചാലിനും മങ്കയത്തിനും ഇടയിൽ എറമ്പറ്റ വളവിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ട ഭൂമിയിലാണ് ശനിയാഴ്ച ഉച്ചയോടെ തീ പടർന്നത്.
കിനാലൂർ റബർ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമിയിൽനിന്ന് ഏതാനും മാസം മുമ്പാണ് റബർ മരങ്ങൾ മുറിച്ചുമാറ്റിയത്. അതിനാൽ കൂടുതൽ അപകട സാധ്യതയോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ജനവാസ മേഖലയല്ലാതിരുന്നതും കുറ്റിക്കാടുകളും കാട്ടുവള്ളികളും മാത്രമായിരുന്നതിനാലും അപകട സാധ്യത ഇല്ലാതാക്കി. 15 ഏക്കറിലധികം ഭൂമിയാണ് കത്തിനശിച്ചത്.
ഉച്ചക്ക് ഒന്നരയോടെയാണ് ഈ ഭാഗത്ത് കുന്നിൻ ചരിവിൽ നിന്ന് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നരിക്കുനിയില്‍ നിന്നും സ്റ്റേഷന് ഓഫിസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സംഘം സ്ഥലത്തെത്തിയെങ്കിലും മലക്ക് മുകളിലേക്ക് വാഹനം എത്താത്തതിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ താമസം നേരിട്ടു.
നാട്ടുകാരുടെ സഹായത്തോടെ രാത്രി ഏഴുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പത്തോളം കുടുംബങ്ങൾ സമീപ പ്രദേശത്തായി താമസിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാർ മുൻകൂട്ടി തന്നെ ജാഗ്രത കാണിച്ചിരുന്നു. വേനൽ കനക്കുന്നതോടെ ഈ പ്രദേശങ്ങളിൽ കാട്ടുതീ പടരുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷവും എറമ്പറ്റ വളവിനു സമീപ പ്രദേശങ്ങളിൽ കാട്ടുതീ പടരുകയും ഏക്കർ കണക്കിന് കൃഷി ഭൂമിയും റബ്ബർ മരങ്ങളും കത്തിനശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.