കോഴിക്കോട്: കോൺഗ്രസ്-എസ് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി. ഹമീദിനെ പുറത്താക്കി. മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയതായി ജില്ല പ്രസിഡന്റ് സി. സത്യചന്ദ്രനും സെക്രട്ടറി പി.കെ. ബാലകൃഷ്ണൻ കിടാവും വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജില്ല പ്രസിഡന്റിന്റെ പേരും വ്യാജഒപ്പും ഉപയോഗിച്ച് ചാലപ്പുറത്തെ സഹകരണബാങ്കിൽ ഹമീദ് അക്കൗണ്ട് തുടങ്ങിയത് 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച് കസബ പൊലീസ് ഹമീദിനെ പ്രതിയാക്കി കേസെടുത്തിരുന്നു. വ്യാജരേഖ ചമക്കൽ, വ്യാജരേഖ യഥാർഥ രേഖയായി അവതരിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസ്. നിലവിൽ പാർട്ടി ജില്ല പ്രസിഡന്റിന്റെ പേരിൽ ബാങ്ക് അക്കൗണ്ടില്ലായിരുന്നു.
തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തി. കോൺഗ്രസ്-എസിന്റെയും എൽ.ഡി.എഫിന്റെയും നിലപാടുകൾക്കുവിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്ന സി.പി ഹമീദിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കാൻ സംസ്ഥാന പ്രസിഡന്റിനോട് ജില്ല കമ്മിറ്റി യോഗം ശിപാർശ ചെയ്തു.
ബാങ്ക് അക്കൗണ്ട് വ്യാജമായുണ്ടാക്കാൻ വ്യാജ മിനിറ്റ്സിന്റെ കോപ്പി നിർമിക്കാൻ കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തും. ജില്ല സെക്രട്ടറി സി. രാമകൃഷ്ണൻ കൺവീനറായി മൂന്നംഗ അന്വേഷണ സമിതിയെയും യോഗം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.