ബേപ്പൂർ: മത്സ്യബന്ധന തൊഴിലാളികൾക്ക് കൂടുതൽ മീൻ ലഭ്യത ഉറപ്പാക്കാൻ തീരക്കടലിൽ കൃത്രിമ പാരുകൾ (മത്സ്യക്കൂട്) സ്ഥാപിക്കുന്ന പദ്ധതി സർക്കാർ വ്യാപകമാക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണം വിജയമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി മുഴുവൻ തീരദേശ ജില്ലകളിലും വ്യാപിപ്പിക്കുന്നത്. കോൺക്രീറ്റിൽ നിർമിച്ച കൃത്രിമ പാരുകളാണ് കടലിൽ നിക്ഷേപിച്ചിരുന്നത്.
കോഴിക്കോട്-34, കണ്ണൂർ-11, കാസർകോട്-16, മലപ്പുറം-23, തൃശൂർ-18, എറണാകുളം-21, ആലപ്പുഴ-30, കൊല്ലം- 27 എന്നിങ്ങനെ 180 പ്രാദേശിക മത്സ്യ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പാരുകൾ നിക്ഷേപിക്കുക. രണ്ടുഘട്ടങ്ങളിലായി യഥാക്രമം 29.76 കോടിയും 25.82 കോടിയും വിനിയോഗിച്ച് നടപ്പാക്കാനുള്ള വിശദ പദ്ധതി രേഖ (ഡി.പി.ആർ) കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക സഹായമുണ്ട്. തീരദേശ വികസന കോർപറേഷനാണ് പാരുകളുടെ നിർമാണച്ചുമതല.
ഒരു സ്ഥലം കേന്ദ്രീകരിച്ച്, മീനുകൾ കൂട്ടമായി തമ്പടിക്കുന്നതിനുള്ള (മീൻകൂട്) ഒരുക്കലാണ് പാരുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇവ സ്ഥാപിച്ചു കഴിഞ്ഞാൽ പായലിന്റെ വളർച്ചക്കൊപ്പം ലക്ഷക്കണക്കിന് ചെറുജീവികളുടെ സാന്നിധ്യവുമുണ്ടാകും. ഇതോടെ പാരുകൾ ചെറുമീനുകളുടെ സങ്കേതമാകും. പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മീനുകൾക്ക് തങ്ങാനുള്ള ആവാസവ്യവസ്ഥ രൂപപ്പെടും.
കടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ പകർത്തുന്ന അണ്ടർവാട്ടർ കാമറ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായി കൃത്രിമ പാരുകളിലെ പ്രജനനം, പുരോഗതി തുടങ്ങിയവ പഠനവിധേയമാക്കും.
കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അശാസ്ത്രീയ മീൻപിടിത്തം എന്നിവയാൽ കടലിൽ മത്സ്യസമ്പത്തിന് ശോഷണം നേരിടുന്ന സാഹചര്യത്തിലാണ് പവിഴപ്പുറ്റുകളുടെ പരിസ്ഥിതിയെ അനുകരിക്കും വിധം രൂപകൽപന ചെയ്ത കൃത്രിമ പാരുകൾ നിക്ഷേപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.