ബേപ്പൂർ: ഭക്ഷ്യവിഷബാധയെത്തുടർന്ന് നാടുനീളെ ഭക്ഷണശാലകളിൽ പരിശോധനകൾ തുടരുമ്പോൾ വൃത്തിയുള്ളതും മെച്ചപ്പെട്ട രീതിയിൽ ആഹാരം പാകംചെയ്യുന്നതുമായ സ്ഥാപനങ്ങളുടെ എണ്ണം വിരളമാണെന്ന് പരിശോധനകളിൽ വ്യക്തമാകുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം തയാറാക്കിയാൽ പിടിവീഴുമെന്ന് ഭയമുള്ളതിനാൽ, പരിശോധകരെ ഭയന്നിപ്പോൾ ഭക്ഷണശാലകൾ മിക്കതും ജാഗ്രതയിലാണ്. എന്നാലിത് അധികദിവസം നീണ്ടുനിൽക്കില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. തുടർച്ചയായ പരിശോധന സംവിധാനങ്ങളോ ജീവനക്കാരോ ബന്ധപ്പെട്ട വകുപ്പുകൾക്കില്ല.
ഭക്ഷണശാലകളിൽ ഏറെയും ജോലിചെയ്യുന്നത് ഇതര സംസ്ഥാനക്കാരാണ്. ജോലിക്ക് കയറുന്നവരുടെ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നത് ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രം. ഇവരിൽ ഭൂരിഭാഗത്തിനും ഹെൽത്ത് കാർഡോ പ്രാഥമിക രേഖകളോ ഇല്ല.
ഹെൽത്ത് കാർഡെടുക്കാൻ ഭക്ഷണശാല ഉടമകൾ ആവശ്യപ്പെട്ടാൽ പണി പാതിയിൽ മതിയാക്കി ജീവനക്കാരൻ മടങ്ങും. പണിനിർത്തി പോകില്ലെന്ന് ഉറപ്പുള്ള ജീവനക്കാർക്കു മാത്രമാണ് ഹെൽത്ത് കാർഡെടുത്ത് കൊടുക്കാൻ ഉടമകൾ തയാറാകുന്നത്.
ബേപ്പൂർ മേഖലയിൽ ഭക്ഷണശാലകളും ചായക്കടകളും ചെറുതും വലുതുമായി നൂറിലധികമുണ്ട്. 400ലധികം ജീവനക്കാരും ഉണ്ട്. ഓരോ ദിവസവും ജോലിക്കാരെ മാറ്റി പരീക്ഷിക്കുന്ന രീതിയുണ്ട്. ജോലി പാതിവഴിയിൽ ഇട്ടേച്ചുപോകുന്ന ജീവനക്കാർക്ക് പകരം അതിരാവിലെ തെരുവോരങ്ങളിൽ തൊഴിൽതേടി കൂട്ടംകൂടി നിൽക്കുന്നവരിൽ ആരെയെങ്കിലും ജോലിക്ക് കൊണ്ടുവരുന്ന ഉടമകളുമുണ്ട്.
ഇവർക്ക് ഹെൽത്ത് കാർഡോ മറ്റു രേഖകളോ ഒന്നും ഉണ്ടാകില്ല. ന്യൂ ജെൻ വിഭവങ്ങൾ തയാറാക്കുന്നതിന് അന്തർ സംസ്ഥാനക്കാരെയാണ് ലഭിക്കുക. ഭക്ഷണശാലകളിലേക്ക് ജോലിക്കാരെ നൽകുന്ന ദല്ലാൾമാരും നഗരങ്ങളിൽ സജീവമാണ്. പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിലുണ്ടാക്കുന്ന ഭക്ഷണം ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസും പിഴയും ഈടാക്കും.
ഇതിൽ ജീവനക്കാരിലെ വ്യക്തിശുചിത്വമോ രോഗവിവരമോ പരിഗണിക്കപ്പെടുന്നില്ല. അന്തർസംസ്ഥാന തൊഴിലാളികളിൽ പലരും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരാണെന്നും ആക്ഷേപമുണ്ട്. ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് പരിശോധന നടക്കാറില്ല.
ടാങ്കർ ലോറികളിലും മറ്റുമെത്തിക്കുന്ന വെള്ളവും ഉപയോഗിക്കുന്നുണ്ട്. ഇവ ഉപയോഗയോഗ്യമാണോയെന്ന് ഉടമക്ക് പോലും നിശ്ചയമില്ല. വെള്ളത്തിന്റെ സ്രോതസ്സുതന്നെ പലർക്കും അജ്ഞാതമാണ്. കിണർ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നിടത്തെ ജലസംഭരണിയുടെ സ്ഥിതി പരിശോധിക്കുമ്പോൾ ഏറെ ശോചനീയമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം പാകംചെയ്യാനുപയോഗിക്കുന്ന വെള്ളം മുതൽ മുഴുവൻ ഭക്ഷ്യ വസ്തുക്കളുടെയും ഗുണനിലവാര പരിശോധന ആരും നടത്താറില്ല. ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും മിക്കപ്പോഴും പരിശോധിക്കുന്നത് പാകംചെയ്തുവെച്ച ഭക്ഷണവും പാചകസ്ഥലത്തെ വൃത്തിയുമാണ്.
ഭക്ഷണശാലകളിലെത്തിക്കുന്ന മത്സ്യം, മാംസം, പാൽ എന്നിവയെ സംബന്ധിച്ചാണ് പരാതികളേറെയും. മൊത്ത വിതരണക്കാരാണ് ഇത്തരം സാധനങ്ങളേറെയും നൽകുന്നത്. മൊത്തവ്യാപാരികൾ പഴകിയ മത്സ്യങ്ങളുമായി ഹോട്ടലുകളെ സമീപിക്കാറുണ്ട്. വിലകുറച്ചു കിട്ടുമെന്നതിനാൽ പലരും ഇത് വാങ്ങും.
അന്തർ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇറച്ചിക്കോഴികളെ നൽകാനും പ്രത്യേക ഏജന്റുമാരുണ്ട്. യാത്രക്കിടയിലും മറ്റും ചാകുന്ന കോഴികളുടെ ഇറച്ചിപോലും ഇവർ കുറഞ്ഞ വിലക്ക് ഹോട്ടലുകളിലേക്ക് നൽകുന്നതായി പരാതിയുണ്ട്.
എണ്ണയും പാലും പരിശോധനകളിൽപെടാറില്ല. പാചകത്തിനുപയോഗിക്കുന്ന എണ്ണയെ സംബന്ധിച്ച് വ്യാപക ആക്ഷേപമാണുള്ളത്. വിലക്കുറവിൽ ലഭിക്കുന്ന ഏത് എണ്ണയും ഉപയോഗിക്കുന്ന സാഹചര്യമാണ് പലയിടത്തും. മായം കലർന്ന പാൽ വ്യാപകമായെത്തുന്നതും ഹോട്ടലുകളിലേക്കാണ്. ഏറ്റവുമധികം പിടികൂടി നശിപ്പിക്കുന്നത് മത്സ്യവും മാംസവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.