ബേപ്പൂർ: സംസ്ഥാന സർക്കാറിെൻറ 'മത്സ്യബന്ധന ലേല പരിപാലന വിപണന' ഓർഡിനൻസിനെതിരെ, മീൻപിടിത്ത തൊഴിലാളികളും ബോട്ടുടമകളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിപണന വിലയുടെ അഞ്ച് ശതമാനം തുക സർക്കാറിലേക്ക് ഈടാക്കണമെന്നാണ് പുതിയ ഓർഡിനൻസിലെ പ്രധാന വ്യവസ്ഥ.
മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫിഷ് ലാൻഡിങ് സെൻറർ, മാനേജ്മെൻറ് സൊസൈറ്റി, സർക്കാർ എന്നിവക്കായി തുക വീതിക്കുമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. മാനേജ്മെൻറ് സൊസൈറ്റികൾ ഇപ്പോൾതന്നെ ഹാർബറിൽ മത്സ്യവുമായി എത്തുന്ന യാനങ്ങളിൽനിന്ന്, യൂസേഴ്സ് ഫീ എന്ന പേരിൽ പണം ഈടാക്കുന്നുണ്ട്.
പുതിയ ഓർഡിനൻസ്, തരകൻമാരുടെ (ലേലക്കാർ) 'ഇടത്തട്ട് ' ഒഴിവാക്കുന്നതിനും തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് യഥാർഥ വില ലഭിക്കുന്നതിനും വേണ്ടിയാണെന്നാണ് സർക്കാറിെൻറ വാദം.
മേഖലയിൽ പ്രവർത്തിക്കുന്ന തരകൻമാർ മീൻപിടിത്ത തൊഴിലാളികളുടെ സംരക്ഷകരാണ്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള മത്സ്യബന്ധനവും വിപണനവും ഉടമകൾക്കും തൊഴിലാളികൾക്കും വൻ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാക്കും. ലക്ഷങ്ങൾ മുടക്കി ബോട്ട് നിർമിക്കുന്നതിനും, അവ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും ഉടമകളെ സാമ്പത്തികമായി സഹായിക്കുന്നത് തരകൻമാരാണ്. ഡീസലും, മറ്റ് അവശ്യവസ്തുക്കളും ഏർപ്പാടാക്കുന്നതും ഇവരാണ്.
ദിനംപ്രതി വർദ്ധിക്കുന്ന ഡീസൽ വിലയും, പ്രവർത്തന ചെലവുകളും, രജിസ്ട്രേഷൻ-ലൈസൻസ് ഫീസുകളും താങ്ങാനാവാതെ നട്ടംതിരിയുന്ന ഉടമകളെ സാമ്പത്തികമായി സഹായിക്കുന്ന തരകൻമാരെ പുതിയ ഓഡിനൻസ് അംഗീകരിക്കുന്നില്ല.
കേരളത്തിലെ 10 ഫിഷിങ് ഹാർബറുകളും, ഏതാനും ലാൻഡിങ് സെൻററുകളും മാത്രമേ സർക്കാരിെൻറ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയിൽ തന്നെ, മീൻ ഇറക്കി വിൽപന നടത്തുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ ഓർഡിനൻസിലൂടെ, തീരദേശങ്ങളിൽ അങ്ങിങ്ങായുള്ള താൽക്കാലിക വിൽപന കേന്ദ്രങ്ങൾ നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകും.
പിടിച്ചെടുത്ത മത്സ്യം ഉപഭോക്താവിന് വ്യക്തമാകുന്ന വിധത്തിൽ മത്സ്യത്തിെൻറ ഉറവിട കേന്ദ്രവും ലഭ്യമായതിെൻറ അളവും ബോധ്യപ്പെടുത്തി സാക്ഷ്യപത്രം നേടണമെന്ന ഓർഡിനൻസ് വ്യവസ്ഥ അപ്രായോഗികവും, മീൻപിടിത്തക്കാരെ അവഹേളിക്കുന്നതുമാണെന്നും ആക്ഷേപമുണ്ട്.
സർക്കാറിന് താൽപര്യമുള്ളവരെമാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച ലാൻഡിങ് സെൻറർ-ഹാർബർ മാനേജ്മെൻറ് കമ്മിറ്റികൾ മത്സ്യബന്ധന മേഖലയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.