ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെ കപ്പൽച്ചാലും തുറമുഖത്തോടുചേർന്ന നദിക്കരയിലെ ആഴവും കൂട്ടുന്നതിന് 11.8 കോടിയുടെ പ്രവൃത്തിക്ക് സർക്കാർ ഭരണാനുമതിയായി. പുലിമുട്ട് കടൽതീരത്തിന് സമീപത്തെ അഴിമുഖം മുതൽ തുറമുഖത്തെ പഴയ വാർഫ് വരെ, നിലവിലുള്ള രണ്ടര മീറ്റർ ആഴം അഞ്ചര മീറ്ററാക്കി വർധിപ്പിക്കുന്നതിനാണ് ഡ്രഡ്ജിങ് നടത്തുക. 100 മീറ്റർ വീതിയിലായിരിക്കും പ്രവൃത്തി. ആഴം കൂട്ടൽ പൂർത്തിയാകുന്നതോടെ വലിയ ചരക്കുകപ്പലുകൾക്കും യാത്രാക്കപ്പലുകൾക്കും അനായാസം തുറമുഖത്ത് അടുപ്പിക്കാനാകും.
കപ്പൽച്ചാലിന് ആഴമില്ലാത്തത് കാരണം കപ്പലുകൾക്ക് അഴിമുഖം കടന്ന് തുറമുഖത്ത് അനായാസം എത്താനാകുന്നില്ല. പലപ്പോഴും കപ്പലടുപ്പിക്കാനും തുറമുഖം വിടാനും വേലിയേറ്റസമയം വരെ കാത്തിരിക്കണം. തുറമുഖ വികസനപദ്ധതിക്ക് നേരത്തെ അനുവദിച്ച 15 കോടിയിൽനിന്നാണ് ആഴം കൂട്ടാനുള്ള തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി എത്രയുംപെട്ടെന്ന് തുടങ്ങാൻ നിർദേശം നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗം നേരത്തെ നടത്തിയ സർവേപ്രകാരം തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുറമുഖത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന വാർഫും കപ്പൽച്ചാൽ ആഴംകൂട്ടലും നടപ്പാക്കുന്നത്.ഡ്രഡ്ജിങ് സമയബന്ധിതമായി നടത്തി മണ്ണടിയുന്നതിന് സ്ഥിരമായ പരിഹാരം കാണുന്നതിനും പുതിയ വാർഫ് നിർമാണത്തിനുമായി സമഗ്ര പദ്ധതി കേന്ദ്രസർക്കാറിന് നേരത്തെ സമർപ്പിച്ചിരുന്നെങ്കിലും തീരുമാനമായില്ല. തുറമുഖവികസനം വേഗത്തിലാക്കുന്നതിനും 'സിൽക്ക്' ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്താനും സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.