കോഴിക്കോട്: പെട്രോൾ പമ്പ് ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നേതൃത്വം സംരക്ഷിച്ചിട്ടും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജിവെച്ചത് നിശ്ചയിച്ച പാർട്ടി പദയാത്ര ഒരുവിഭാഗം മുടക്കിയതോടെ. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷാണ് കഴിഞ്ഞ ദിവസം ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് രാജിക്കത്ത് നൽകിയത്.
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കുമെതിരെ പാർട്ടിയുടെ എല്ലാ മണ്ഡലം കമ്മിറ്റികളും പദയാത്ര നടത്തിവരുകയാണ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ പദയാത്ര പ്രസിഡന്റായിരുന്ന കെ.കെ. രജീഷ് നയിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
ജനുവരി 30, 31 തീയതികളിൽ നടക്കുന്ന പദയാത്ര ചക്കിട്ടപ്പാറയിൽ ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
യാത്രയുടെ പ്രചാരണാർഥം രജീഷിനെ കൂടാതെ ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജാഥ ഉദ്ഘാടകൻ സി.കെ. പത്മനാഭൻ എന്നിവരുടെ ചിത്രങ്ങളുൾക്കൊള്ളിച്ച ബഹുവർണ പോസ്റ്റർ നാടുനീളെ പതിച്ചിരുന്നു.
മാത്രമല്ല, വിവിധയിടങ്ങളിൽ യോഗങ്ങൾ ചേർന്ന് വിപുല ഒരുക്കവും നടത്തി. എന്നാൽ, കൈക്കൂലി ആരോപണം നേരിടുന്ന രജീഷ് നയിക്കുന്ന പദയാത്രയുമായി സഹകരിക്കില്ലെന്ന് ആർ.എസ്.എസിലെ ഒരു വിഭാഗം പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെയാണ് യാത്ര മുടങ്ങിയതും രജീഷ് രാജിവെച്ചതും.
പദയാത്ര മുടങ്ങിയതിനെ ചൊല്ലിയും ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്പോര് തുടങ്ങിയതോടെ മണ്ഡലം ജനറൽ സെക്രട്ടറി തറമേൽ രാഗേഷ് ഫെബ്രുവരി പത്ത്, പതിനൊന്ന് തീയതികളിലായി പദയാത്ര നയിക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘ്പരിവാർ അനുഭാവിയും പെട്രോൾ പമ്പ് ഉടമയുമായ പാലേരി സ്വദേശി പ്രജീഷാണ് കെ.കെ. രജീഷും ബി.ജെ.പി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവനും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലും ചേർന്ന് വിവിധ സമയങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് രംഗത്തുവന്നത്.
സംഭവത്തിൽ ചേരിപ്പോര് രൂക്ഷമായതിനുപിന്നാലെ ജനുവരി പത്തിന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി യോഗം ഒരുവിഭാഗം കൈയേറിയിരുന്നു. പിന്നാലെ കെ. രാഘവന്, ശ്രീജിത്ത് ചാലില്‍ എന്നിവർക്കെതിരെ ജില്ല നേതൃത്വം നടപടിയെടുത്തു. എന്നാൽ, ജില്ല പ്രസിഡന്റുമായുള്ള അടുപ്പമാണ് രജീഷിനെ നടപടിയിൽ നിന്നൊഴിവാക്കിയതെന്നാരോപിച്ചാണ് പദയാത്രയുമായി സഹകരിക്കേണ്ടെന്ന് ഒരു വിഭാഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.