കോഴിക്കോട്: ഫറോക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഫറോക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കൽ ഫറോക്ക് പേട്ട ജങ്ഷൻ നവീകരണവും ചെറുവണ്ണൂർ മേൽപാലവും മീഞ്ചന്ത മേൽപാലവും യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ദീപാലംകൃത പാലം എല്ലാ ജനങ്ങൾക്കുമുള്ള പദ്ധതിയാണെന്നും എല്ലാവർക്കും ഒത്തുകൂടാനുള്ള ഇടമാണെന്നും മന്ത്രി പറഞ്ഞു. കക്ഷിഭേദമെന്യേ എല്ലാവരും ഒന്നിക്കുന്നത് കൊണ്ടാണ് പാർക്കിന് ‘വി’ നമ്മൾ എന്നപേര് നൽകിയത്. പാർക്കിലെ സ്റ്റേജ്, പ്രദേശത്തെ കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടികൾ അവതരിപ്പിക്കാൻ നൽകും. മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത്ത്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സംഗീത പരിപാടിയും അരങ്ങേറി. പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗമാണ് പാലത്തിൽ ദീപാലങ്കാരം ഒരുക്കിയത്.
പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ ആർ.ബി.ഡി.സി.കെയാണ് ചെലവഴിച്ചത്. സെൽഫി പോയന്റിനു പുറമെ വിഡിയോ വാൾ, കഫ്റ്റീരിയ, തെരുവ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി.ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ് ലെറ്റ് ബ്ലോക്ക്, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.