മേപ്പയ്യൂർ: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കേന്ദ്രത്തിനരികിൽ മാലിന്യം കുന്നുകൂടുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക.
ഹരിതകർമസേന വീടുകളിൽ നിന്നും ശേഖരിച്ചുവരുന്ന മാലിന്യങ്ങളാണ് പൊതുസ്ഥലത്ത് തള്ളുന്നത്. അരിക്കുളം പള്ളിക്കൽ സൈഫണിന് സമീപം ജലസേചന വകുപ്പ് താൽക്കാലികമായി വിട്ടുകൊടുത്ത കനാൽ പുറമ്പോക്കിലുള്ള അഞ്ചു സെന്റ് സ്ഥലത്ത് എം.സി.എഫ് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. കളിസ്ഥലം നഷ്ടപ്പെടുത്തി ഇവിടെ മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ രാപ്പകൽ സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചുകയറി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് ഇവിടെ ഒരു മാസം മുമ്പ് എം.സി.എഫ് നിർമാണ
പ്രവൃത്തി ആരംഭിച്ചത്.
സംഭരണ കേന്ദ്രത്തിന്റെ ഭിത്തികെട്ടുന്ന പ്രവർത്തനം പോലും പൂർണമാകുന്നതിന് മുമ്പ് നിർദിഷ്ട കെട്ടിടത്തിന് മുമ്പിൽ വിവിധ വാർഡുകളിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് റോഡരികിൽ തള്ളുന്നത് സമരം നടത്തിയ പ്രദേശവാസികളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പകപോക്കലാണെന്ന് ആരോപണമുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന തുടർച്ചയായ കോടതി ഉത്തരവുകളെപ്പോലും കാറ്റിൽ പറത്തിയാണ് ഹരിതകർമസേന തന്നെ റോഡരികിൽ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡരികിൽനിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അതിവേഗ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.