കോഴിക്കോട്: നഗരപരിധിയിലെ ഒട്ടുമിക്ക റോഡുകളിലും അപകടക്കെണിയൊരുക്കി കേബിൾ കുരുക്കുകൾ. വൈദ്യുതി തൂണുകളിലും പ്രത്യേക ആവശ്യങ്ങൾക്കായി സ്ഥാപിച്ച തൂണുകളിലുമാണ് അലക്ഷ്യമായും ആളുകളുടെ ജീവനുപോലും ഭീഷണി ഉയർത്തുന്ന തരത്തിലും കേബിളുകളുള്ളത്.
റോഡരികിലൂടെ നടന്നുപോകുന്ന പലരും ഈ കുരുക്കിൽ പെടുന്നതും കഴുത്തിനുൾപ്പെടെ മുറിവുകൾ സംഭവിക്കുന്നതും പലഭാഗത്തും പതിവുകാഴ്ചയാണ്. മാവൂർ റോഡ്, കണ്ണൂർ റോഡ്, വയനാട് റോഡ്, രാജാജി റോഡ് അടക്കമുള്ള നഗരത്തിലെ പ്രധാന റോഡുകളിലും ഒട്ടുമിക്ക ഇടറോഡുകളിലും ഇടവഴികളിലും അപകടക്കെണിയായി കേബിളുകൾ തൂങ്ങിക്കിടക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ ഇതിൽ കുരുങ്ങി വാഹനങ്ങൾ അപകടത്തിൽപെടുന്നതും പലഭാഗത്തും പതിവാണ്. നേരത്തെ യു.കെ.എസ് റോഡിൽ തൂങ്ങിക്കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
പലപ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ താഴ്ത്തിക്കെട്ടുന്ന കേബിളുകൾ വലിയ വാഹനങ്ങളുടെ മുകൾ ഭാഗത്ത് കുരുങ്ങി തൂങ്ങിയാടുകയും പിന്നീട് ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാവുകയുമാണ്. ആവശ്യമായതിലും അധികമുള്ള കേബിളുകൾ മുറിച്ച് ഒഴിവാക്കാതെ അവ തൂണുകളിൽതന്നെ കെട്ടിവെക്കുന്നതും പതിവാണ്. ഇവ പിന്നീട് നിലത്തേക്ക് തൂങ്ങുകയും റോഡിൽ പരന്നുകിടക്കുന്നു സ്ഥിതിയുമുണ്ട്. മുതലക്കുളം ഭാഗത്തുനിന്ന് പി.എം. താജ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിലത്തുവീണുകിടക്കുന്ന കേബിളിൽ കാൽകുരുങ്ങി സ്ത്രീ ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത് എന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.
വൈദ്യുതി തൂണുകളിൽപോലും തീർത്തും നിരുത്തരവാദമായ രീതിയിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയുടെ തൂണുകളിൽ അനുവാദമില്ലാതെ പല സ്ഥാപനങ്ങളും കേബിൾ സ്ഥാപിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തിലും തുടർ നടപടിയൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.