സി.ബി.എസ്.ഇ ജില്ല കലോത്സവം അൽഹറമൈൻ സ്കൂളിൽ

കോഴിക്കോട്: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്സും സംഘടിപ്പിക്കുന്ന ഈ വർഷത്തെ സ്കൂൾ കലാമേളക്ക് തുടക്കം. മൂന്നാം ഘട്ടം പെർഫോമിങ് ആർട്സ് മത്സരങ്ങൾ നവംബർ രണ്ടിന് പുതിയങ്ങാടി എടക്കാട് അൽ ഹറമൈൻ സ്കൂളിൽ നടക്കും.

സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് ചെയർമാനും മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ സഹ ചെയർമാനുമായ ഓർഗനൈസിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ഘട്ടങ്ങളിലായാണ് ഈ വർഷത്തെ കലാമേള. സ്റ്റേജിതര പരിപാടികൾ കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിലും ഐ.ടി ഫെസ്റ്റ് താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഇതിനകം പൂർത്തിയായി.

നാലാംഘട്ട സ്റ്റേജ് മത്സരങ്ങൾക്ക് നവംബർ നാല്, അഞ്ച് തീയതികളിൽ കുന്ദമംഗലം ചെത്തുകടവ് കെ.പി. ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ സി.എം.ഐ ദേവഗിരി (138 പോയന്റ്), സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (115), ഭാരതീയ വിദ്യാഭവൻസ് പെരുന്തുരുത്തി (109) എന്നിവരാണ് മുന്നിൽ. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ 59 സ്കൂളുകളിലെ 3500ലധികം കുട്ടികൾ അഞ്ചു വിഭാഗങ്ങളിൽ 98 മത്സര ഇനങ്ങളിൽ മാറ്റുരക്കും.

ജേതാക്കൾ മൂവാറ്റുപുഴ വാഴക്കുളം സി.എം.ഐ കാർമൽ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത തേടും. മലബാർ സഹോദയ മുഖ്യ രക്ഷാധികാരി കെ.പി. ഷക്കീല, പ്രസിഡന്റ് മോനി യോഹന്നാൻ ട്രഷറർ ടി.എം. സഫിയ, വൈസ് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - CBSE District Arts Festival at Al Haramain School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.