ചേളന്നൂർ: എലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ നേതാക്കൾ കോടതിയിൽ കീഴടങ്ങി. എലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിെൻറ ജില്ല കമ്മിറ്റിയംഗം എലത്തൂർ വടക്കരകത്ത് ഹനീഫ (38), എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടന ജില്ല നേതാവും ചെറൂട്ടി റോഡിലെ എസ്.ഡി.ടി.യു പോർട്ടറുമായ പുതിയങ്ങാടി ചാലിൽ മന്ദം കണ്ടിപറമ്പിൽ ഷബീർ അലി (37) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - ഒന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുഖ്യ ആസൂത്രകനായ ഹനീഫയെ കൂടാതെ പങ്കുവഹിച്ച അന്നത്തെ ഡിവിഷൻ സെക്രട്ടറി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആനക്കുഴിക്കര കിഴക്കേമായിങ്ങോട്ട് അൻസാർ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2019 ഒക്ടോബർ 12ന് രാത്രിഎട്ടേമുക്കാലോടെ പട്ടർപാലത്തു നിന്ന് ഷാജിയെ പ്രതികൾ ഓട്ടോ വിളിച്ച് കൂട്ടിക്കൊണ്ടുവന്ന് പറമ്പിൽ ബസാറിനടുത്ത് തയ്യിൽതാഴത്തു വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. മുഖ്യ പ്രതികളായ മായനാട് സ്വദേശി അബ്ദുല്ല, പൂവ്വാട്ടുപറമ്പ് സ്വദേശി അബ്ദുൽഅസീസ് എന്നിവരെ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂലൈ 29ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല ക്വാറിവിരുദ്ധ സമരപരിപാടിക്കിടെ പട്ടർപാലം അങ്ങാടിയിൽ വെച്ച് പോപുലർ ഫ്രണ്ട്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. ഇതേതുടർന്നുള്ള സംഭവങ്ങളാണ് വധശ്രമത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.