ചേളന്നൂര്‍: കണ്ണങ്കര, പട്ടര്‍പാലം, എടക്കരമുക്ക് തുടങ്ങിയ ഭാഗങ്ങളില്‍ കടകളില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍. പുതിയടത്തുതാഴത്ത് തേങ്ങ -അടക്ക എന്നിവ തൂക്കിയെടുക്കുന്ന കട, പട്ടര്‍പാലത്തെ വി.കെ ചിക്കന്‍ സ്റ്റാള്‍, എടക്കരമുക്കിലെ പി.കെ ചിക്കന്‍ സ്റ്റാള്‍, കണ്ണങ്കര ഇച്ചന്നൂര്‍ സ്കൂളിന് സമീപത്തെ ആമിന ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുതിയടത്ത് താഴത്ത് പാടത്തില്‍ അശോകന് തേങ്ങ, അടക്ക എന്നിവ തൂക്കിയെടുക്കുന്ന കടയില്‍നിന്ന് 80 കിലോ കൊട്ട അടക്കയാണ് മോഷണംപോയത്.
ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ച വരെയാണ് വിവിധ സ്ഥാപനങ്ങളിൽ മോഷണം നടന്നത്. പാവണ്ടൂർ ഹൈസ്കൂൾ താഴ എരഞ്ഞാടി അതൃമാന്റെ കടയുടെ പൂട്ട് തകർത്താണ് പണവും മറ്റു സാധനങ്ങളും മോഷണം നടത്തിയത്. പട്ടര്‍പാലത്തെ വി.കെ ചിക്കന്‍ സ്റ്റാളിലെ സി.സി.ടി.വിയിലാണ് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞത്.കാമറയിൽ പതിയാതിരിക്കാൻ മുകളിലേക്ക് തിരിച്ചുവെച്ചാണ് മോഷണം നടത്തിയത്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റിട്ടാണ് മോഷ്ടാക്കൾ വന്നത്. മൊബൈല്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പണം എന്നിവ ഇവിടെ നിന്നും നഷ്ടമായി. പി.കെ ചിക്കന്‍ സ്റ്റാള്‍, ആമിന ചിക്കന്‍ സ്റ്റാള്‍ തുടങ്ങിയ കടകളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. കാക്കൂര്‍ എസ്.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
കോഴിക്കോട്: മെഡിക്കൽ കോളജിൽ മോഷണം വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രോഗിക്ക് കൂട്ടിരിക്കാനെത്തിയ മാനന്തവാടി സ്വദേശി സാബിത്തിന്റെ മൊബൈലും പഴ്സും ആധാറും ലൈസൻസും ഐഡന്റിറ്റി കാർഡും അടങ്ങിയ ബാഗ് രാത്രി മോഷ്ടിക്കപ്പെട്ടു. സി.സി.ടി.വി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സുരക്ഷാജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. സി.സി.ടി.വി കേടാണെന്നാണ് മറുപടി ലഭിച്ചതെന്ന് സാബിത് പറഞ്ഞു.
മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. കോളജിലെ ആറാം വാർഡിൽ പ്രവേശിപ്പിച്ച ഉമ്മക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു സാബിത്. പകൽ മുഴുവൻ പരിശോധനകൾക്കായി ഓടിനടന്നതിനാൽ രാത്രി ഉറങ്ങിപ്പോയി. ഉണർന്നുനോക്കുമ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ ബാഗും മൊബൈലും നഷ്ടപ്പെട്ടവർ നിരവധിയുണ്ട്. വാർഡുകളുടെ പരിസരത്ത് മോഷ്ടാക്കൾ സ്ഥിരമായി കറങ്ങിനടക്കുകയാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.