കോഴിക്കോട്: സാഹിത്യ നഗരപദവി ലബ്ധിയിൽ നഗരത്തിനും നഗരവാസികൾക്കും അഭിനന്ദനമറിയിച്ച് കോർപറേഷൻ കൗൺസിൽ യോഗം. മേയർ ഡോ. ബീന ഫിലിപ്പ് പോർചുഗലിലായതിനാൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അടിയന്തര പ്രമേയത്തിലൂടെ നഗരത്തെ അഭിനന്ദിച്ചത്.
യുനെസ്കോയുടെ അംഗീകാരം പോർചുഗലിലെ ബ്രാഗാ നഗരത്തിലെ ചടങ്ങിൽ മേയർ ബീനാ ഫിലിപ്പിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്ന അതേ വേളയിലാണ് അടിയന്തരപ്രമേയവും വന്നത്. അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ തന്നെ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കൗൺസിലിൽ മധുര വിതരണവുമുണ്ടായി. ലോകത്തിനു മുന്നിൽ കോഴിക്കോട് നഗരത്തിന്റെ യശസ്സുയർത്തിയ അഭിമാനകരമായ സന്ദർഭമാണിതെന്ന് പ്രമേയത്തിൽ പറഞ്ഞു. സാഹിത്യനഗരം പദവി നേടിയെടുക്കാൻ മേയറുടെ നേതൃത്വത്തിൽ ചിട്ടയായി പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്തു. എല്ലാവരെയും കൗൺസിൽ അഭിനന്ദിക്കുന്നു. നഗരത്തിന്റെ സാഹിത്യ പാരമ്പര്യവും സാംസ്കാരികമായ നേട്ടങ്ങളും യുനെസ്കോയുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷൻ (കില), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് (എൻ.ഐ.ടി.സി) എന്നീ സ്ഥാപനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. ഈ സ്ഥാപനങ്ങൾക്കും അതിലെ വിദഗ്ധർക്കും കൗൺസിൽ നന്ദി രേഖപ്പെടുത്തി. എം.ടിയും എസ്.കെയും ബഷീറും ഉറുബും എൻ.പി. മുഹമ്മദും കെ.ടി. മുഹമ്മദും എൻ.എൻ. കക്കാടും പി. വത്സലയും തിക്കോടിയനും പി.എം. താജും യു.എ. ഖാദറും എം.എസ്. ബാബുരാജും കോഴിക്കോട് അബ്ദുൽ ഖാദറുമുൾപ്പെടെ ഈ മണ്ണിൽ സാഹിത്യത്തിന്റെയും കലയുടെയും സവിശേഷമായ മുദ്ര പതിപ്പിച്ച നിരവധി മഹാ പ്രതിഭകളുണ്ട്.
അവരോടെല്ലാം നാട് കടപ്പെട്ടിരിക്കുന്നതായും സാഹിത്യനഗരം പദവി കൈവരിച്ചതോടെ വലിയ ഉത്തരവാദിത്തങ്ങളാണ് നിർവഹിക്കാനുള്ളതെന്നും പ്രമേയത്തിൽ പറഞ്ഞു. പി. ദിവാകരൻ പിന്താങ്ങി. ഇത്രയും പ്രധാന പരിപാടിയുടെ പ്രഖ്യാപനച്ചടങ്ങ് പ്രഹസനമാക്കി മാറ്റിയെന്ന് ബി.ജെ.പിയിലെ ടി. റനീഷ് ആരോപിച്ചു. ചടങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കാതെ മുഖ്യമന്ത്രി പരിപാടിക്കെത്തിയില്ലെന്ന് കെ. മൊയ്തീൻ കോയയും പറഞ്ഞു.
കോർപറേഷനുള്ള ബജറ്റ് വിഹിതം പൂർണമായി സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിലെ കെ. മൊയ്തീൻ കോയയും വിലക്കയറ്റത്തിൽ സപ്ലൈകോ ഇടപെടാത്തതിൽ പ്രതിഷേധിച്ചുള്ള ബി.ജെ.പിയിലെ അനുരാധാതായാട്ടും കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങൾക്ക് ഡെപ്യൂട്ടി മേയർ അനുമതി നിഷേധിച്ചു. അടിയന്തര സ്വഭാവമില്ലെന്നും സാധാരണ പ്രമേയമാക്കി അവതരിപ്പിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞായിരുന്നു അനുമതി നിഷേധിച്ചത്. തുടർന്നാണ് ഡെപ്യൂട്ടി മേയർ തന്നെ സാഹിത്യ നഗരത്തെപ്പറ്റിയുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകളുടെ പ്രവൃത്തി ആഗസ്റ്റോടെ പൂർത്തിയാക്കും. അടുത്ത മാസമവസാനത്തോടെ കോർപറേഷനിലെ മുഴുവൻ വാർഡുകളിലേയും കുഴിയെടുത്ത റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നും കോർപറേഷൻ ഡെപ്യൂട്ടി മേയർ അറിയിച്ചു. കൗൺസിലർ കവിത അരുണാണ് ശ്രദ്ധക്ഷണിച്ചത്.
കരാറുകാർ പലയിടത്തും അലക്ഷ്യമായാണ് പ്രവൃത്തി നടത്തുന്നതെന്ന് അവർ പറഞ്ഞു. റോഡിന്റെ മധ്യത്തിലൂടെയാണ് പൈപ്പ് ലൈനിനായി കീറിയത്. പൈപ്പിട്ട് അതിന് മുകളിൽ മണ്ണിട്ട് നിറച്ചിട്ടുണ്ടെങ്കിലും മഴ പെയ്തതോടെ പലയിടത്തും കുഴി രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിന് ഇത് കാരണമാകുമെന്നും കൗൺസിലർ പറഞ്ഞു. കരാറുകാർക്ക് പണം നൽകുന്നതിനു മുമ്പ് പൈപ്പിടൽ പ്രവൃത്തിയെ സംബന്ധിച്ച് അതത് കൗൺസിലർമാരുടെ കൂടി അംഗീകാരം ലഭ്യമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യമുയർന്നു.
കോഴിക്കോട്: കല്ലായിപ്പുഴ നവീകരണത്തിന് 5,07,70446 രൂപ കൂടി പ്രവൃത്തിയുടെ ചുമലയുള്ള ഇറിഗേഷൻ വകുപ്പിന് കൈമാറാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
കോർപറേഷൻ നേരത്തേ കൈമാറിയ 7,90,00,000 രൂപക്ക് പുറമെയാണിത്. കല്ലായിപ്പുഴയിലെ മണ്ണും കല്ലും നീക്കാനുള്ള കരാറിന് അധികമായി വേണ്ട തുകക്കുള്ള ടെൻഡർ എക്സസ് സർക്കാർ അംഗീകരിക്കണമെങ്കിൽ അധിക തുക കൂടി ലഭ്യമാക്കണമെന്ന് കാണിച്ച് ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇനിയെങ്കിലും സർക്കാറിൽ നിന്ന് കല്ലായിപ്പുഴ നവീകരണ പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ ഭരണ സമിതി ശ്രമിക്കണമെന്ന് കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടു. ടെൻഡർ അനുമതി നൽകി പെട്ടെന്ന് പണി തുടങ്ങാനാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അറിയിച്ചു.
ഗോകുലം കേരളയുടെ ഹോംഗ്രൗണ്ടായ ഇ.എം.എസ് സ്റ്റേഡിയം കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതായി ഡെപ്യൂട്ടി മേയർ അറിയിച്ചു. എസ്.കെ. അബൂബക്കറാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടു വരെയായിരുന്നു ഗോകുലത്തിന് നൽകിയിരുന്നത്. എന്നാൽ, അതിനു ശേഷവും രണ്ടു ടൂർണമെന്റുകൾ അവിടെ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മറുപടി നൽകണമെന്നുമാണ് അബൂബക്കർ ആവശ്യപ്പെട്ടത്. മൈതാനം പരിപാലിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. എന്നാൽ, കളികൾ നിലച്ച് പോകാനനുവദിക്കില്ല. അതിനിടെയാണ് കെ.എഫ്.എ നേരിട്ട് സ്റ്റേഡിയം ഏറ്റെടുക്കാൻ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൗൺസിലിനെ അറിയിച്ചു.
ചർച്ചകൾ നീണ്ടുപോയ കൗൺസിൽ യോഗത്തിൽ അവസാന നിമിഷം ഇറങ്ങിപ്പോക്കും നടന്നു. 120 അജണ്ടകളും പരിഗണിക്കേണ്ടതിനാൽ ആറുമണിക്കു ശേഷം യോഗം തുടരാൻ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അനുമതി തേടിയെങ്കിലും സമ്മതമല്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. തുടർന്ന്, എല്ലാ അജണ്ടകളും പെട്ടെന്ന് വായിച്ച് അംഗീകരിക്കാനുള്ള ശ്രമം ഏകാധിപത്യ നടപടിയാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.