നന്മണ്ട: ബാലുശ്ശേരി ഉപജില്ല കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പരിക്കേറ്റ പുനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുക്കേണ്ട ഇരുപത് മത്സരാർഥികൾക്കാണ് പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവേദിക്ക് സമീപത്തെ ക്ലാസ് മുറിയിലായിരുന്നു പൂനൂർ സ്കൂളിലെ കുട്ടികൾ പരിശീലനം നടത്തിയിരുന്നത്.
വിവിധ സ്കൂളുകളിലെ അറുപതോളം വരുന്ന സംഘം ക്ലാസ് മുറിയിലേക്ക് തള്ളിക്കയറി വാതിലടച്ച് ഫർണിച്ചറുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാർഥികൾ അധ്യാപകരോട് പറഞ്ഞു. ഇരുമ്പ് ബെഞ്ച് കൊണ്ട് നെഞ്ചിന് അടിയേറ്റ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പൂനൂർ ഗവ. ഹയർ സെക്കൻഡറിയിലെ ഫഹദ്, വിശാൽ കൃഷ്ണ എന്നിവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഫഹദ് ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് ടീമിലെയും വിശാൽ കൃഷ്ണ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് ടീമിലെയും മത്സരാർഥികളാണ്. നാല് വിദ്യാർഥികൾക്ക് കൈക്ക് പൊട്ടലുണ്ട്. ഒരു വിദ്യാർഥിയുടെ പല്ല് പൊട്ടി. മറ്റ് രണ്ട് വിദ്യാർഥികളുടെ നെഞ്ചിലും ഷോൾഡറിലും പരിക്കുണ്ട്. ആറ് വിദ്യാർഥികൾ പുന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പന്ത്രണ്ട് പേർ ബാലുശ്ശേരി താലൂക്കാശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്.
പരിശീലനത്തിന് പോകുമ്പോൾ മറ്റ് വിദ്യാർഥികൾ സ്റ്റേജിൽ കയറാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നന്മണ്ട, കോക്കല്ലൂർ, പൂവ്വമ്പായി, ബാലുശ്ശേരിഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾ പറഞ്ഞു. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. വട്ടപ്പാട്ട്, ദഫ്മുട്ട് മത്സരങ്ങൾ പിന്നീട് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.