കോഴിക്കോട്: കർഷകർക്ക് ആശ്വാസം പകരാനാകാതെ സർക്കാറിന്റെ പച്ചത്തേങ്ങ സംഭരണ സംവിധാനം. ഇതുമൂലം കേരഫെഡിന്റെയും നാളികേര വികസന കോർപറേഷന്റെയും കണക്കുകൂട്ടലുകൾക്ക് മങ്ങലേൽപിച്ച് പച്ചത്തേങ്ങ സംഭരണം താളംതെറ്റുന്നു. വില ലഭിക്കാൻ അഞ്ചു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പൊതുവിപണിയേക്കാൾ കിലോക്ക് ആറുരൂപ അധികം നൽകിയിട്ടും കർഷകർ സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാതിരിക്കുന്നത്. ഓരോ സംഭരണ കേന്ദ്രത്തിനും അഞ്ചുടൺ വരെ ദിനംപ്രതി വാങ്ങാമെന്നിരിക്കെ മൂന്നിലൊന്നുപോലും ലഭിക്കാതെ പലകേന്ദ്രങ്ങളും നോക്കുകുത്തിയായി. ഇതുമൂലം സംഭരണ കേന്ദ്രങ്ങളിലൂടെ സർക്കാർ ഉദ്ദേശിച്ച ആശ്വാസം കർഷകർക്ക് ലഭിക്കാതെയുമാവുകയാണ്. തേങ്ങയുടെ വില ഉടൻ ലഭിക്കുമെന്ന കാരണത്താൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കർഷകർ വില കുറച്ച് പൊതുമാർക്കറ്റിൽ നൽകാൻ നിർബന്ധിതരാവുകയാണ്.
നേരത്തേ കർഷകർക്ക് തേങ്ങ നൽകണമെങ്കിൽ മുൻകൂട്ടി അറിയിച്ച് മൂന്നുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇന്നാകട്ടെ, തേങ്ങയെടുക്കാനുള്ള പരിധിയുടെ പാതിപോലും ലഭിക്കാതെ അവഗണനാ കേന്ദ്രങ്ങളാവുകയാണ്. അൽപമെങ്കിലും തേങ്ങ എത്തുന്നതും മലയോര മേഖലകളിലെ സംഭരണ കേന്ദ്രങ്ങളിലാണ്. തേങ്ങ നൽകാൻ കർഷകർക്ക് കാത്തിരിപ്പേറിയ വേളയിൽ പല ജില്ലകളിലും പുതിയ സംഭരണ കേന്ദ്രങ്ങൾ സർക്കാർ അനുവദിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പലതും ആരംഭിക്കാനുമായിട്ടില്ല. ജില്ലയിൽ അനുവദിച്ച പുതിയ രണ്ടു കേന്ദ്രങ്ങളും തുടങ്ങാനായില്ല.
തേങ്ങ നൽകിയിട്ട് പണത്തിന് അഞ്ചും ആറും മാസം കാത്തിരിക്കേണ്ട അവസ്ഥ മലയോര മേഖലകളിലെ കർഷകർക്ക് താങ്ങാനാവുന്നില്ല. കൂലിച്ചെലവുപോലും നൽകാൻ കഴിയാതെ പ്രയാസപ്പെടുമ്പോൾ നാലും അഞ്ചും മാസം കാത്തിരിക്കുന്നത് ദുരിതമാവുകയാണ്. സംഭരിച്ച തേങ്ങ കേരഫെഡിന്റെ ഗോഡൗണുകളിലേക്കാണ് മാറ്റുന്നത്. എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് കർഷകർ തേങ്ങ നൽകിയത്. തേങ്ങയുടെ വില കേരഫെഡ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുകയാണ് ചെയ്യുന്നത്. അതിനാൽ പണം ലഭിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ സംഭരണ ഏജൻസികൾക്ക് അറിയാനാകില്ല. പണം എന്നു ലഭിക്കുമെന്നറിയാൻ കർഷകർ സംഭരണ കേന്ദ്രത്തിൽ അന്വേഷിക്കുമ്പോൾ കൈമലർത്തുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. തേങ്ങ ഉൽപാദനക്കുറവും പ്രധാന ഘടകമാണെന്നാണ് കൃഷി ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.