രാമനാട്ടുകര: പുതുവത്സരത്തലേന്ന് ഒമ്പതരയോടെ ഹോട്ടലിലെത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷൻ ഓഫിസർ ഭക്ഷണത്തിന് എത്തിയവരെയും കഴിച്ചുകൊണ്ടിരുന്നവരെയും പാർസൽ വാങ്ങാനെത്തിയവരെയും ഹോട്ടലിൽനിന്നും ആട്ടിയോടിച്ചതായി പരാതി. ഫറോക്ക് പൊലീസ് സ്റ്റേഷൻ ഓഫിസർ ജി. ബാലചന്ദ്രനെതിരെയാണ് രാമനാട്ടുകര ബൈപാസിൽ വെല്ലിങ്ട്ടൺ കണ്ടെയ്നർ റസ്റ്ററന്റ് നടത്തുന്ന ചുങ്കം എട്ടേനാല് സ്വദേശി വി.കെ. ഷബീറലി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്കും പരാതി നൽകിയത്.
പുതുവത്സര തലേന്ന് രാത്രി 10 മുതൽ രാത്രികാല കർഫ്യൂ നിലവിലുണ്ടെങ്കിലും 9.35ന് ഹോട്ടലിലെത്തിയ സി.ഐയും പൊലീസുകാരനും ഹോട്ടൽ ജീവനക്കാരോട് കയർക്കുകയും അസഭ്യം പറയുകയും ഭക്ഷണത്തിന് എത്തിയവരെയും ഭക്ഷണം പാതി കഴിച്ചവരെയും പാർസൽ വാങ്ങിക്കാനെത്തിയവരെയും ആട്ടി പുറത്താക്കുകയായിരുന്നുവത്രെ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരോട് എണീറ്റ് പോവാൻ ആവശ്യപ്പെടുകയും കൈ കഴുകാൻപോലും അനുവദിക്കാതെ ലൈറ്റുകൾ ഓഫ് ചെയ്യുകയും ചെയ്തതായാണ് പരാതി. 30ൽ പരം ആളുകൾ ഈ സമയം ഹോട്ടലിൽ ഉണ്ടായിരുന്നു.
ഭക്ഷണം കഴിച്ചവരെ പണം നൽകാൻ പോലും സി.ഐ അനുവദിച്ചില്ലെന്നും ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അന്ന് രാത്രി 9.35ന് സി.ഐ ജീപ്പുമായി ഹോട്ടലിലേക്ക് വരുന്നതും കാഷ് കൗണ്ടറിലിരിക്കുന്ന ജിവനക്കാരനോട് കയർത്ത് സംസാരിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. ആകെ 50,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ഷബീർ പറഞ്ഞു. മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.