വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്നുള്ള മൈതാനത്ത് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് സ്കൂൾ അധികൃതർക്കെതിരെ കായികതാരങ്ങളും സാംസ്കാരിക സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഞായറാഴ്ച വിപുലമായ ജനകീയ കൺവെൻഷൻ ചേർന്ന് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.മുഴുവൻ പാർട്ടി പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സാംസ്കാരിക സംഘടനകളെയും കായിക താരങ്ങളെയും മാറ്റിനിർത്തി കെട്ടിടം നിർമിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് കായിക താരങ്ങൾ പറഞ്ഞു. യോഗത്തിൽ എതിർപ്പ് ഉയർന്നത് കണക്കിലെടുത്താണ് ഇവരെ യോഗത്തിൽനിന്ന് മാറ്റിനിർത്തിയതെന്ന് ആക്ഷേപമുണ്ട്.
സ്റ്റേഡിയങ്ങളിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് നിലനിൽക്കെയാണ് സ്കൂൾ പി.ടി.എ കമ്മിറ്റി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാനുള്ള നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുമ്പ് സ്റ്റേഡിയം യാഥാർഥ്യമാക്കാൻ 1991 മുതൽ കായികതാരങ്ങൾ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
ഇതേത്തുടർന്നാണ് വർഷങ്ങൾക്കുശേഷം നഗരസഭയിലെ ഏറ്റവും സൗകര്യപ്രദമായ സ്റ്റേഡിയം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഈ സ്റ്റേഡിയമാണ് മറ്റു സ്ഥലങ്ങൾ ഉണ്ടായിട്ടും കെട്ടിട നിർമാണത്തിന്റെ പേരിൽ തകർക്കാനുള്ള നീക്കം നടക്കുന്നത്.
ഒരു കാരണവശാലും സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാൻ അനുവദിക്കില്ലെന്നും ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും കായിക പ്രേമികൾ വ്യക്തമാക്കുന്നു. സമീപത്തുതന്നെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തകർന്ന് തരിപ്പണമായ മൂന്ന് കെട്ടിടങ്ങളും കാടുമൂടിക്കിടക്കുന്ന സ്ഥലവും ഉണ്ടെന്നിരിക്കെ സ്റ്റേഡിയത്തിലെ കെട്ടിട നിർമാണത്തിൽ നിന്നും പിന്മാറണമെന്നാണ് കായിക താരങ്ങളുടെ അഭ്യർഥന.
നേരത്തേ ജില്ല അത്ലറ്റിക് മീറ്റ് അടക്കമുള്ള കായിക പരിപാടികളും സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പും സ്റ്റേഡിയത്തിലാണ് നടന്നത്.
ഇതോടൊപ്പം വടകര മേഖലയിലെ വിദ്യാലയങ്ങളുടെ സ്പോർട്സ് മത്സരവും സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നിരുന്നത്. കെട്ടിടം നിർമിക്കുന്നതോടെ സ്റ്റേഡിയത്തിന്റെ സ്വഭാവം നഷ്ടപ്പെടുകയും നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയം നാമാവശേഷമാകുകയുംചെയ്യും.
ദിനംപ്രതി വോളിബാൾ കോച്ചിങ്, ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ നൂറുകണക്കിന് കുട്ടികളാണ് ഇവിടെ എത്തിച്ചേരുന്നത്.
വൈകീട്ട് നാലു മണിക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ബഹുജന കൺവെൻഷൻ ചേരുന്നത്. നീലിമ നടക്കുതാഴയും ബ്ലാക്ക് ഡെവിൾസ് പുത്തൂരും സംയുക്തമായാണ് കൺവെൻഷൻ വിളിച്ചുചേർത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.