അവശ്യസാധനങ്ങളും മരുന്നുകളും കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കും; വെബ്‌പോര്‍ട്ടല്‍ പ്രകാശനം ഇന്ന്

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെസ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നു. ഇതിനായുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന്റെ പ്രകാശനം തിങ്കളാഴ്ച 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും.

കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ കണ്‍സ്യൂമര്‍ഫെഡ് വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അവശ്യമരുന്നുകളും മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ 10 ഇനങ്ങള്‍ ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് വിപണിയിലെത്തിച്ചിരുന്നു. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും, നീതി മെഡിക്കല്‍ സ്റ്റോറുകളിലെയും വാട്‌സാപ്പ് നമ്പറില്‍ ലഭിക്കുന്ന ഓഡറുകള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിന് പുറമേയാണ് ഓണ്‍ലൈന്‍ ആയി ഓഡറുകള്‍ സ്വീകരിച്ച് സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

എല്ലാ നിത്യോപയോഗ സാധനങ്ങളും ഈ പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ എത്രയും വേഗം ഹോം ഡെലിവറി ചെയ്യാനുള്ള സാങ്കേതിക വിദ്യയോടെയാണ് വെബ്‌പോര്‍ട്ടല്‍ തയാറാക്കിയിട്ടുള്ളത്.

തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ട്രയല്‍ റണ്ണായി വിതരണം ആരംഭിക്കും. തുടര്‍ന്ന് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിക്കാനും പിന്നീട് മറ്റ് ജില്ലകളില്‍ ആരംഭിക്കാനുമാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്ദേശിക്കുന്നത്.

Tags:    
News Summary - Consumerfed Online Shopping portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.