കോഴിക്കോട്: സിവിൽ സപ്ലൈസ് വകുപ്പിലെ ഏറ്റവും ഉന്നത തസ്തികയായ റേഷനിങ് കൺേട്രാളർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച വ്യക്തി ഇരുന്നത് മൂന്നുദിവസം മാത്രം. കൺട്രോളറുടെ കസേരയിൽ ഇരുന്നതല്ലാെത കാര്യമായ ജോലിയൊന്നും ചെയ്യാതെ ഇവർ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്തു. മേയ് 31ന് വിരമിക്കേണ്ട റേഷനിങ് െഡപ്യൂട്ടി കൺട്രോളറെ കൺട്രോളർ തസ്തികയിൽ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത് മേയ് 25നാണ്. 27ന് ഇവർ ചുമതലയേൽക്കുകയും രണ്ട് അവധി ദിനങ്ങൾ കഴിഞ്ഞ് 31ന് വിരമിക്കുകയും ചെയ്തു. ഇതോടെ ഇവർക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള വിരമിക്കൽ ആനൂല്യങ്ങൾ കുത്തനെ ഉയരുമെന്നതൊഴിച്ചാൽ സർക്കാറിേനാ പൊതുജനങ്ങൾക്കോ ഒരുതരത്തിലുമുള്ള പ്രയോജനം ലഭിക്കുന്നില്ല. തസ്തികയിൽ നേരത്തെ ഉണ്ടായിരുന്നയാൾ വിരമിക്കലിനോടനുബന്ധിച്ച് അവധിയെടുത്തതാണ് വിരമിക്കുന്നതിന് മുമ്പ് മറ്റൊരു നിയമനം കൂടി ഇതേ കസേരയിൽ നടത്താൻ അവസരമൊരുക്കിയത്.
റേഷനിങ് കൺട്രോളറുടെ അടിസ്ഥാന ശമ്പളം 1,07,800 രൂപയാണ്. വെറും എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ളയാൾക്ക് ക്ലറിക്കൽ തസ്തികയിൽ കയറി കൺട്രോളർ തസ്തികയിൽ വിരമിക്കാമെന്നതാണ് അവസ്ഥ. ഇതിന് പ്രത്യേക യോഗ്യത പരീക്ഷ പോലും നടത്താറില്ല. സിവിൽ സപ്ലൈസ് വകുപ്പിൽ ഇങ്ങനെ ദിവസങ്ങൾ മാത്രം കൺേട്രാളർ തസ്തികയിൽ ഇരുത്തി വിരമിക്കാൻ അവസരം നൽകുന്നത് മുമ്പും വിവാദമായിരുന്നെങ്കിലും ഇതൊഴിവാക്കാൻ വകുപ്പുതല നടപടികളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഉത്തരമേഖല െഡപ്യൂട്ടി കൺട്രോളർ തസ്തികയിലിരുന്ന വ്യക്തി സ്ഥാനക്കയറ്റം ലഭിച്ച് ഒരുദിവസം മാത്രം കൺട്രോളർ കസേരയിൽ ഇരുന്ന സംഭവമുണ്ടായിരുന്നു. വിരമിക്കലിെൻറ തൊട്ടുമുമ്പ് ഉന്നത തസ്തികയിൽ ഇരുത്തി ആനുകൂല്യങ്ങൾ വർധിപ്പിച്ചുനൽകാൻ ചരടുവലിക്കുന്ന ലോബി വകുപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായും വൻ തുക മറിയുന്നതായും ആരോപണമുണ്ട്.
വകുപ്പിൽ ജില്ലതല ഓഫിസർമാർ വരെയേ സീനിയർ തലത്തിൽ സ്ഥാനക്കയറ്റം നൽകുന്നുള്ളൂ. കൺട്രോളർ തസ്തികയിൽ പ്രത്യേക യോഗ്യത നിശ്ചയിക്കാത്തതിനാൽ സ്വാധീനം ഉപയോഗിച്ച് ഏതാനും ദിവസം മാത്രം കൺട്രോളർ കസേരയിൽ ഇരുന്ന് വൻ ആനുകൂല്യം നേടിയെടുക്കുന്ന രീതിയാണ് തുടർന്നുവരുന്നത്. റേഷൻ സംവിധാനത്തിലുണ്ടായ കാലോചിത മാറ്റത്തിനനുസരിച്ച് ഇതിലും അടിയന്തര മാറ്റമുണ്ടാകണമെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.