കോഴിക്കോട്: ജില്ലയിലെ സി.പി.എം സ്ഥാനാർഥി പട്ടിക ഞായറാഴ്ചയോടെ കൂടുതൽ തെളിഞ്ഞേക്കും. ഞായറാഴ്ച നടക്കുന്ന ജില്ല കമ്മിറ്റി യോഗവും തുടർന്നുചേരുന്ന ജില്ല സെക്രട്ടേറിയറ്റും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ അറിയിക്കും. കോഴിക്കോട് നോർത്ത്, ബേപ്പൂർ, തിരുവമ്പാടി, കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞതവണ സി.പി.എം മത്സരിച്ചത്. കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളിൽ സി.പി.എം സ്വതന്ത്രരുമാണ് മത്സരിച്ചത്. ഇവിടങ്ങളിൽ യഥാക്രമം കാരാട്ട് റസാഖും പി.ടി.എ. റഹീമുംതന്നെ സ്ഥാനാർഥിയാവുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വമാണ് ഇക്കാര്യം തീരുമാനിക്കുക.
ബേപ്പൂരിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസും ബാലുശ്ശേരിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവും പേരാമ്പ്രയിൽ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനും ഉറപ്പായിട്ടുണ്ട്. കോഴിക്കോട് നോർത്തിൽ മുൻമേയർ തോട്ടത്തിൽ രവീന്ദ്രെൻറ പേരാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ, വികസന നായകനായി അറിയപ്പെടുന്ന എ. പ്രദീപ്കുമാറിന് ഒരവസരംകൂടി വേണമെന്ന് മണ്ഡലത്തിൽനിന്നടക്കം ആവശ്യമുയർന്നിട്ടുണ്ട്. കൊയിലാണ്ടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി എന്നിവരുടെ പേരുകളും തിരുവമ്പാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ലിേൻറാ ജോസഫ്, പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡൻറ് ഗിരീഷ് ജോൺ എന്നിവരുടെ പേരുമാണുള്ളത്. ഇതിൽ ജമീലയുടെയും ലിൻറയുടെയും പേരിന് ഞായറാഴ്ചത്തെ യോഗം അംഗീകാരം നൽകിയേക്കും. കുറ്റ്യാടി കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാൻ ഇതിനകം ധാരണയായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ സംഘടനാസംവിധാനമുള്ള വടകര താലൂക്കിൽ ഇതോെട സി.പി.എമ്മിന് സീറ്റില്ലാതാവുമെന്നതടക്കമുള്ള പ്രശ്നങ്ങളുൾപ്പെടെ ചർച്ചചെയ്ത് സീറ്റ് വീട്ടുനൽകുന്നതിന് ഞായറാഴ്ച അന്തിമ തീരുമാനമുണ്ടാവും.
അതിനിടെ, കോഴിക്കോട് സൗത്ത് ഐ.എൻ.എല്ലിൽനിന്ന് ഏറ്റെടുത്ത് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന ചർച്ചയും പാർട്ടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.