ഈ വർഷം ജില്ലയിൽ അഞ്ചുകോടി രൂപയുടെ വരെ തട്ടിപ്പ്, കേസുകളുടെ എണ്ണവും കൂടി... ‘ഹായ്’ പറഞ്ഞുതുടങ്ങുന്ന മൊബൈൽ ചാറ്റ് ‘ബൈ’ പറഞ്ഞവസാനിക്കുമ്പോഴേക്കും അക്കൗണ്ടിലെ പണം കാലിയാവുന്നത് തുടർക്കഥ...
കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചതിനുപിന്നാലെ സൈബർ തട്ടിപ്പ് കേസുകൾ വലിയതോതിൽ വർധിക്കുന്നു. അഞ്ചുകോടിയോളം രൂപയുടെ വരെ തട്ടിപ്പുകളിലാണ് ഈ വർഷം ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
സിറ്റി, റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിലും ലോക്കൽ സ്റ്റേഷനുകളിലുമാണ് കേസുകൾ. നേരത്തേ സൈബർ പൊലീസ് മാത്രമാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തതെങ്കിൽ പരാതിക്കാരുടെ എണ്ണം വർധിച്ചതോടെ ലോക്കൽ സ്റ്റേഷനുകളിലും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.
സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ ഈ വർഷം ഇതുവരെ 45 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ രണ്ടെണ്ണം നാലുകോടി രൂപക്ക് മുകളിലുള്ള തട്ടിപ്പാണ്. ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറിൽ നിന്ന് 4.08 കോടി രൂപ തട്ടിയതാണ് ഒരുകേസ്. ഇതിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ടുപേരും രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരുമുൾപ്പെടെ നാലുപ്രതികൾ അറസ്റ്റിലായി.
ട്രേഡിങ്ങിലൂടെ വൻ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് 4.80 കോടി രൂപ തട്ടിയതാണ് മറ്റൊരു കേസ്. ഇതര സംസ്ഥാന സംഘം നടത്തിയ തട്ടിപ്പിന്റെ ഭാഗമായി പ്രവർത്തിച്ച്, പണം ബാങ്ക് അക്കൗണ്ട് വഴി എടുത്തുനൽകിയ ആലപ്പുഴ സ്വദേശികളായ വിദ്യാർഥികൾ ഈ കേസിൽ പിടിയിലായി. രണ്ടുകേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാട്സ് ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ രണ്ടുലക്ഷം രൂപ കവർന്നതാണ് നഗരത്തിലെ അവസാന സൈബർ തട്ടിപ്പ് കേസ്. സംഭവത്തിൽ പണം പിൻവലിച്ചത് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലുള്ള എ.ടി.എം കൗണ്ടറിൽ നിന്നാണെന്ന് നടക്കാവ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റൂറൽ സൈബർ ക്രൈം സ്റ്റേഷനിൽ മാത്രം19 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. ഇവക്കുപുറമെയാണ് ലോക്കൽ സ്റ്റേഷനുകളിലെ കേസുകൾ. സൈബർ തട്ടിപ്പ് കേസുകളില്ലാത്ത സ്റ്റേഷനുകൾ ജില്ലയിലില്ല. ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫേക്കിലൂടെയുള്ള തട്ടിപ്പിൽ രാജ്യത്താദ്യം കേസ് രജിസ്റ്റർ ചെയ്തതും കോഴിക്കോട്ടാണ്. ഓൺലൈൻ ലോട്ടറിയിലൂടെ കോടികൾ സമ്മാനം കിട്ടും, പാഴ്സലിൽ ലഹരിവസ്തു കണ്ടെത്തി, നഗ്നതയുടെയും ലൈംഗിക ചേഷ്ടകളുടെയും തെളിവ് പുറത്തുവിടും എന്നെല്ലാം പറഞ്ഞുവിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രധാനമായും തട്ടിപ്പ്.
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുകയാണ് ആദ്യം വേണ്ടത്. 1930 എന്ന ടോൾ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ആവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.