വടകര: കായിക മേഖലയുടെ ഉയർച്ചക്ക് വടകര നഗരസഭ ഏറ്റെടുത്ത താഴെ അങ്ങാടിയിലെ മലബാർ മാർക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് കളിക്കളമാക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. നഗരസഭ വിലയ്ക്ക് വാങ്ങിയ സ്ഥലം വ്യവസായിക ആവശ്യത്തിൽ ഉൾപെട്ടതാണ് കളിക്കളമാക്കി വികസിപ്പിക്കുന്നതിന് വിലങ്ങുതടിയായത്.
അനാഥമായി കിടന്ന മലബാർ സൊസൈറ്റിയുടെ ഭൂമി വ്യവസായിക ആവശ്യങ്ങൾക്ക് കൈവശംവെക്കുകയും വ്യവസായം യാഥാർഥ്യമാക്കാനാവാതെ അനാഥമായ സാഹചര്യത്തിൽ നഗരസഭ ഏറ്റെടുക്കുകയുമായിരുന്നു. 2.70 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 1.52 ഏക്കർ നഗരസഭ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിന് വിട്ടു നൽകുകയുണ്ടായി. ബാക്കി ഭാഗം കളിസ്ഥലമാക്കി വികസിപ്പിക്കാനായിരുന്നു ലക്ഷ്യം.
എന്നാൽ കാലമേറെയായിട്ടും ഭൂമി വ്യവസായിക ആവശ്യത്തിൽനിന്നും മാറ്റാൻ നടപടിയുണ്ടായില്ല. വ്യവസായിക ആവശ്യത്തിലുൾപ്പെട്ട ഭൂമിക്ക് ഫണ്ട് അനുവദിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ ഗ്രൗണ്ടിൽ ഒരുവിധ വികസന പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അനുയോജ്യമായ കളിസ്ഥലമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ കിടക്കുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.
സർക്കാർ കായികമേഖലയുടെ വളർച്ചക്ക് പലവിധ ഫണ്ടുകൾ ലഭ്യമാക്കുമ്പോൾ ഇവിടെ അതൊന്നും ഉപയോഗപ്പെടുത്താതെ പോകുകയാണ്. മുസ്ലിം ലീഗ് കൗൺസിലർ പി.വി. ഹാഷിം ഇതുസംബന്ധിച്ച് താലൂക്ക് അദാലത്തിൽ പരാതി നൽകി. നഗരസഭയിലെ തീരദേശ വാർഡുകളിലുള്ളവർക്ക് ഉപകാരമാവുന്ന ഗ്രൗണ്ട്, വികസനമില്ലാതെ അനാഥമായി കിടക്കുകയാണ്.
മേഖലയിലെ പത്തോളം സ്കൂളുകൾ കായിക ആവശ്യത്തിന് ഗ്രൗണ്ടിനെയാണ് ഉപയോഗപ്പെടുത്തുന്നത്. വടകര വില്ലേജിന് കീഴിൽ വരുന്ന ഭൂമി മിനി സ്റ്റേഡിയമായി ഉയർത്താനും വ്യവസായിക ആവശ്യത്തിൽനിന്നും മാറ്റി മേഖലയിലെ കായിക താരങ്ങളുടെ വളർച്ചക്ക് ഉപയോഗിക്കണമെന്നും പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.