വെള്ളിമാട്കുന്ന്: ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ സഹോദരനെ നേരിൽകണ്ടപ്പോൾ കൊല്ലം കുടയന്നൂർ സ്വദേശികളായ രാജനും ഇളയ സഹോദരൻ സുരേഷിനും കരച്ചിലും സന്തോഷവും അടക്കിനിർത്താനായില്ല. മരണത്തിനു തലേദിവസം വരെ കാണാതായ മകൻ ബാബുവിനെ അന്വേഷിച്ച അമ്മയുടെ സങ്കടംകൂടി ഓർത്തപ്പോൾ ഇരുവർക്കും വേദന ഇരട്ടിയായി. അമ്പതുവർഷം മുമ്പ് വീടുവിട്ടിറങ്ങിയ ബാബുവിനെ കണ്ടെത്താൻ കുടുംബത്തെ സഹായിച്ചത് സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ വെള്ളിമാട്കുന്നിലെ ആശാഭവൻ ജീവനഅമ്പതുവർഷം മുമ്പ് വീടുവിട്ടിറങ്ങിയ ബാബുവിനെ കണ്ടെത്താൻ കുടുംബത്തെ സഹായിച്ചത് സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ വെള്ളിമാട്കുന്നിലെ ആശാഭവൻ ജീവനക്കാർക്കാർ.
നാലു വർഷം മുമ്പാണ് ബാബു ആശാഭവനിലെത്തിയത്. പതിനഞ്ചു വയസ്സിലെ തന്റെ അനുഭവങ്ങൾ പറഞ്ഞതിനിടെ പ്രബേഷൻ ഓഫിസർ രേഖപ്പെടുത്തിവെച്ച ചില കാര്യങ്ങളിൽനിന്നാണ് ആശാഭവനിലെ നഴ്സായ സീന ജോസഫ്, ബാബുവിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബാബുവിന്റെ പിതാവ് പരമേശ്വരൻ നായരാണെന്നും മാതാവ് ജാനകിയാണെന്നും രാജനാണ് മൂത്ത സഹോദരനെന്നും സുകുമാരനെന്ന മറ്റൊരു സഹോദരനും തങ്കമണിയെന്ന സഹോദരിയുമുണ്ടെന്നും സീന മനസ്സിലാക്കി. തുടർന്ന് അഡ്രസ് കണ്ടെത്തുകയും ചെയ്തു. ലഭിച്ച ഫോൺ നമ്പറിൽ സീന നിരന്തരമായി ബന്ധപ്പെട്ടെങ്കിലും അഞ്ചു ദിവസം മുമ്പാണ് സഹോദരൻ രാജനെ ബന്ധപ്പെടാനായത്.
ചൊവ്വാഴ്ച രാവിലെയോടെ എത്തിയ സഹോദരങ്ങൾ ആശാഭവൻ സൂപ്രണ്ട് എം. ഐശ്വര്യയുടെ സാന്നിധ്യത്തിൽ ബാബുവുമായി സംസാരിച്ചു. 65 വയസ്സുള്ള ബാബുവിന് അലച്ചിൽകാലത്ത് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ഓർമകൾക്ക് അൽപം തെളിച്ചക്കുറവുണ്ട്.
അമ്മയും സഹോദരനും മരിച്ച വിവരം നിർവികാരമായാണ് ബാബു കേട്ടത്. വീടുവിട്ടിറങ്ങിയതിൽ പിന്നെ തിരിച്ചുപോകണമെന്ന് വലിയ ആഗ്രഹമൊന്നും ബാബുവിന് തോന്നിയിരുന്നില്ല. സഹോദരങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെങ്കിലും പരിചിതരായ ആളുകളെയും സ്ഥാപനത്തെയും വിട്ടുപോകാൻ ചെറിയ വിഷമവുമുണ്ട്. കൂടെപ്പിറപ്പിനെ കണ്ടെത്തിയതിനാൽ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ആഗ്രഹത്തിലാണ് സഹോദരങ്ങൾ.
ജില്ല സാമൂഹിക ക്ഷേമ നീതി ഓഫിസർ എം. അഞ്ജു മോഹന്റെയും ആശാഭവൻ സൂപ്രണ്ട് ഡോ. ഐശ്വര്യയുടെയും നഴ്സ് സീന ജോസഫിന്റെയും നേതൃത്വത്തിൽ ബാബുവിന് ബുധനാഴ്ച യാത്രയയപ്പ് നൽകും. ആശാഭവനിലെത്തുന്നതിനു മുമ്പ് ബാബു അലഞ്ഞുതിരിഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നത്. കൂലിപ്പണി ചെയ്തതിനാൽ ഉപജീവനത്തിന് മുടക്കമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.