ഫറോക്ക്: നിരാലംബരായ വൃക്കരോഗികളുടെ ജീവൻ നിലനിർത്താൻ സഹായം തേടി ബേപ്പൂർ മണ്ഡലവും ഒളവണ്ണയും ഇന്ന് ഒരേ മനസ്സോടെ രംഗത്തിറങ്ങും. വൃക്കരോഗികളുടെ സൗജന്യ ചികിത്സക്കായി സ്ഥാപിച്ച ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്റർ ആൻഡ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനത്തിനായി ഏഴാം ഘട്ട ജനകീയ ധനസമാഹരണത്തിനാണ് ഞായറാഴ്ച തുടക്കം കുറിക്കുക. മൂന്നുകോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
സാന്ത്വനമേകാൻ കൈകോർക്കാം എന്ന പേരിലുള്ള ധനസമാഹരണത്തിന് ഇത്തവണ വിപുല സംവിധാനങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. 50 വീടുകൾക്ക് ഒരു സ്ക്വാഡ് എന്ന നിലയിൽ 1800 സ്ക്വാഡുകളായി 10,000ത്തോളം സന്നദ്ധ സേവകർ രംഗത്തിറങ്ങും. ഒമ്പതിന് അഭ്യർഥനയും ഒരു ലക്ഷം സംഭാവന കവറും നൽകും. 16ന് കവറുകളിൽ സംഭാവന സ്വീകരിക്കും. ധനശേഖരണം സുതാര്യമാക്കുന്നതിന് പ്രത്യേക ആപ് ഒരുക്കിയിട്ടുണ്ട്. പണം സ്വീകരിച്ചാൽ ഉടൻ സന്ദേശവും ഇ-രസീതും ലഭിക്കും. സമാഹരിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും ആപ്പിൽ അപ് ലോഡ് ചെയ്യാം.
ട്രസ്റ്റിന് കീഴിൽ 82 രോഗികൾക്ക് ഡയാലിസിസ് നൽകുന്നുണ്ട്. അടുത്ത മാസം 25 രോഗികൾക്കുകൂടി അവസരമൊരുക്കും. 68 രോഗികൾ അപേക്ഷ നൽകി അവസരം കാത്തിരിക്കുന്നുണ്ട്. മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ സെന്റർ, ലാബ്, ഫാർമസി തുടങ്ങിയവയും നല്ലളം കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു. പാവങ്ങൾക്ക് സൗജന്യമായി മരുന്നും നൽകിവരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ്കോയ, സംഘാടക സമിതി കൺവീനർ എം. ഗിരീഷ്, ഭാരവാഹികളായ റോയൽ ലത്തീഫ്, കെ. ഗംഗാധരൻ, ബഷീർ കുണ്ടായിത്തോട്, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.