കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുതുതായി തുടങ്ങിയ സി.ടി സ്കാൻ യൂനിറ്റിൽനിന്ന് റിസൾട്ട് വൈകുന്നതായി പരാതി. കഴിഞ്ഞദിവസം പക്ഷാഘാതം പിടിപെട്ട് എത്തിയയാളെ രാത്രി 11ന് സി.ടി സ്കാനിങ്ങിന് വിധേയനാക്കിയിട്ട് പിറ്റേന്ന് രാവിലെ ഒമ്പതു മണിക്കാണ് ഫലം ലഭിച്ചത്. രോഗികളെ അത്യാഹിത വിഭാഗത്തിൽ സ്കാനിങ് ചെയ്താലും ഇതിന്റെ റിപ്പോർട്ട് തയാറാക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രി സി.ടി സ്കാൻ യൂനിറ്റിൽനിന്നാണ്. പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ യൂനിറ്റിൽ റിപ്പോർട്ടിങ് റൂം ഇല്ലാത്തതിനാലാണ് റിപ്പോർട്ടിന് ജനറൽ ആശുപത്രിയെതന്നെ ആശ്രയിക്കേണ്ടിവരുന്നത്.
പരിശോധന ഫലം വൈകുന്നത് ചികിത്സ വൈകാൻ ഇടയാക്കുകയും പലപ്പോഴും ആരോഗ്യ പ്രവർത്തകരും കൂട്ടിരിപ്പുകാരും തമ്മിലുള്ള തർക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഏറെ കാത്തിരിപ്പിനുശേഷം സി.ടി സ്കാൻ യൂനിറ്റ് തുറന്നെങ്കിലും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇത് പ്രയോജനത്തേക്കാളെറെ ആശങ്ക വർധിപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തേ ജനറൽ ആശുപത്രിൽ പോയി സി.ടി സ്കാൻ ചെയ്തിരുന്നപ്പോൾ ഇതിലും നേരത്തേ ഫലം ലഭിച്ചിരുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ യൂനിറ്റിൽ റിപ്പോർട്ടിങ് റൂമും അനുബന്ധ സൗകര്യങ്ങളും ടൈപ്പിസ്റ്റ് അടക്കമുള്ള ജീവനക്കാരെയും നിയമിച്ചിട്ടില്ല. ഇതുകാരണം ടെക്നീഷ്യന്മാർ സ്കാനിങ് ഫോട്ടോകൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യൂനിറ്റിലേക്ക് അയച്ചുകൊടുത്തതിന് ശേഷം അത് ഡോക്ടർമാർ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഇത് റിപ്പോട്ട് വൈകാൻ ഇടയാക്കുന്നു. എന്നാൽ, സി.ടി സ്കാൻ റിപ്പോർട്ട് വൈകുന്നെന്ന ആരോപണം വകുപ്പ് മേധാവി ഡോ. ദേവരാജൻ നിഷേധിച്ചു. കൂടുതൽ കേസുകൾ വരുമ്പോഴോ അതിസങ്കീർണമായ പ്രശ്നങ്ങളാലോ ഉള്ള സ്വാഭാവികമായ വൈകൽ മാത്രമേ അത്യാഹിത വിഭാഗത്തിലും ഉണ്ടാവാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.