കോഴിക്കോട്: അശ്രദ്ധയും അമിത ആത്മവിശ്വാസവും മൂലം റെയിൽ പാളങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. സ്റ്റേഷനുകളിൽ ദിനംപ്രതിയെന്നോണം വർധിച്ചുവരുന്ന തിരക്കും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ 1345 പേരാണ് പാലക്കാട് ഡിവിഷന്റെ കീഴിൽ മാത്രം മരിച്ചത്. 2021 മുതൽ 2024 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 1816 അപകടങ്ങളുണ്ടാകുകയും 510 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
2023ലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 541 അപകടങ്ങളുണ്ടായപ്പോൾ 387 പേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്. ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട്. അശ്രദ്ധയാണ് കൂടുതൽ മരണങ്ങൾക്കും കാരണമെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങൾ, ട്രെയിനിൽ ഓടിക്കയറൽ, നിർത്തുന്നതിന് മുമ്പ് ഇറങ്ങൽ, ഏതാനും മിനിറ്റുകൾ മാത്രം സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങൽ, ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യൽ എന്നിങ്ങനെയെല്ലാം അപകടത്തിൽ പെടുന്നവരാണ് അധികവും. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയുള്ള മരണങ്ങളും പതിവാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവുംകൂടിയിട്ടുണ്ട്.
ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യലും മറ്റും തടവും പിഴയും ലഭിക്കുന്ന കുറ്റങ്ങളാണെങ്കിലും ഇവക്ക് ഒരു കുറവും വന്നിട്ടില്ല. ട്രെയിൻ വാതിൽപടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുകയോ മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ അനധികൃതമായി പാളം മുറിച്ചുകടക്കുകയോ ചെയ്ത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. അനധികൃതമായി പാത മുറിച്ചുകടക്കുന്നതിനെതിരെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും നിരന്തരം അറിയിപ്പുണ്ടാകാറുണ്ടെങ്കിലും നിമിഷങ്ങൾ ലാഭിക്കാനായുള്ള ഇത്തരം യാത്രകൾ വലിയ അപകടമാണ് വരുത്തിവെക്കുന്നത്.
റെയിൽവേ ലൈനുകളിൽ മരണപ്പെടുന്നവരുടെ എണ്ണംകൂടിയതോടെ പലയിടങ്ങളിലും റെയിൽവേ ലൈനിനു കുറുകെയുള്ള റോഡുകളും ചെറിയ വഴികളും കൊട്ടിയടച്ചിരിക്കുകയാണ്. എങ്കിലും പലരും ഇത്തരം വഴികളിലൂടെ നുഴഞ്ഞ് യാത്രചെയ്യുന്നുണ്ട്. പാളത്തിന് സമീപം വീടുകളുള്ളവർ സമയലാഭത്തിനായി മിക്കപ്പോഴും പാളത്തിലൂടെ യാത്രചെയ്യാറുണ്ട്. മാത്രമല്ല പാളങ്ങളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നവരുമുണ്ട്. ഇവർ പലപ്പോഴും ട്രെയിൻ വരുന്നതുപോലും അറിയാറില്ല. പാളത്തിലിരുന്ന് മദ്യപിക്കുന്നവർക്ക് 2000 വരെയാണ് പിഴ. റെയിൽവേയുടെ പല ഇടങ്ങളും കാട് മൂടിക്കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധർ താവളമാക്കിയെടുക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.