കോഴിക്കോട്: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ മാനാഞ്ചിറയിലെ ചളി നീക്കിയുള്ള ശുചീകരണം പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിലെ ജലാശയങ്ങൾ ശുചീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷൻ 25 ലക്ഷം ചെലവഴിച്ചാണ് കുളം ശുചീകരിക്കുന്നത്.
കുടിവെള്ള സ്രോതസ്സ് കൂടിയായ കുളം ശുചീകരിക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, എല്ലാവർഷവും വിവിധ സംഘടനകൾ പടവുകളിലെ പുൽക്കാടുകൾ വെട്ടിമാറ്റുന്നതിൽ മാത്രമായി ശുചീകരണം ഒതുങ്ങുകയായിരുന്നു പതിവ്. ഇത്തവണ വേനൽ കടുത്തതോടെ വെള്ളം ഏതാണ്ട് വറ്റിയിരുന്നു. ഇതാണ് ശുചീകരണത്തിന് അനുഗ്രഹമായത്.
കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്കടിച്ച് ഒഴിവാക്കിയശേഷം ചളി മണ്ണുമാന്തികൾ ഉപയോഗിച്ച് പൂർണമായും വാരിയെടുത്ത് മറ്റിടത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിനായി കുളത്തിൽ ഇറക്കിയത്.
മണ്ണുമാന്തികളിറക്കുന്നതിനും ടിപ്പർ ലോറിയിൽ ചളികൊണ്ടുപോകുന്നതിനുമായി കുളത്തിന്റെ ഒരുഭാഗത്തെ കമ്പിവേലിയും തൂണും പൊളിച്ച് മണ്ണിറക്കി പാതയൊരുക്കിയിട്ടുണ്ട്. കുളത്തിൽ നിന്നുവാരുന്ന ചളി മാനാഞ്ചിറ മൈതാനത്തിന്റെ ഒരുഭാഗത്താണ് നിക്ഷേപിക്കുന്നത്. മണൽകൂടിയ ചളിയാണ് എന്നതിനാൽ മണമോ മറ്റുപ്രശ്നങ്ങളോ ഇല്ല. മഴക്കുമുമ്പേ കുളം പൂർണമായും ചളിനീക്കി ശുചീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.
തുടർന്ന് പൊളിച്ച കമ്പിവേലിയും കൽപടവും പൂർവസ്ഥിതിയിലാക്കും. കൽപടവുകളിലെ ഉണങ്ങിയ പുൽക്കാടുകളും ചെത്തി വൃത്തിയാക്കുന്നുണ്ട്. 1983ലാണ് ഇതിനുമുമ്പ് കുളം വറ്റിച്ച് ചളി കോരിയെടുത്തത്. അന്ന് വെള്ളം മുഴുവൻ ഒഴിവാക്കാൻ കഴിയാത്തതിനാൽ ചളി പൂർണമായും നീക്കാൻ കഴിഞ്ഞിരുന്നില്ല.
അന്ന് ആളുകൾ നേരിട്ട് കൊട്ടയിൽ ചളിവാരിയെടുത്ത് ഒഴിവാക്കുകയായിരുന്നു. നഗരത്തിലെ നിരവധി ഹോട്ടലുകളിലേക്കുൾപ്പെടെ ഇപ്പോഴും വെള്ളമെടുക്കുന്നത് മാനാഞ്ചിറയിൽ നിന്നാണ്. മാനാഞ്ചിറ സ്ക്വയറിലെ ചെടികൾ നനക്കാനും ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മൂന്നര ഏക്കറോളം വിസ്തൃതിയാണ് കുളത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.