കോഴിക്കോട്: ദേശീയ പ്രാധാന്യമുള്ള 94 തണ്ണീർത്തടങ്ങളിലൊന്നായി പ്രഖ്യാപിച്ച കോട്ടൂളി നീർത്തടം മേഖലയിൽ വ്യാപകമായി മണ്ണിട്ട് നികത്തലും മാലിന്യ നിക്ഷേപവും കണ്ടൽക്കാട് നശിപ്പിക്കലും തുടരുന്നു. ഏറ്റവുമൊടുവിൽ മാവൂർ റോഡിനോട് ചേർന്ന ഒരേക്കറിലേറെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നുവെന്നാണ് പരാതി.
കോട്ടൂളി വില്ലേജിൽപെട്ട തണ്ണീർത്തടമായി പ്രഖ്യാപിച്ച മേഖലയിലാണിത്. ഭൂമി തരംമാറ്റാൻ സ്വകാര്യവ്യക്തികൾ ശ്രമിച്ചെങ്കിലും പൊതുപ്രവർത്തകർ ഇടപെട്ടതോടെ അധികൃതർ അതിന് തയാറായില്ല. ആഗസ്റ്റിൽ മണ്ണിടൽ തുടങ്ങിയത് സി.പി.എം ആഭിമുഖ്യത്തിൽ നാട്ടുകാർ തടഞ്ഞു. അധികാരികൾക്ക് പരാതി കൊടുത്തതോടെ മണ്ണിടൽ നടപടികൾ തടഞ്ഞ് ഉത്തരവുമായി. എന്നാൽ, സെപ്റ്റംബറിൽ വീണ്ടും മണ്ണടിച്ചു. അന്ന് നാട്ടുകാർ ഇടപെട്ട് ജെ.സി.ബി പിടിച്ചെടുത്തുവെങ്കിലും റവന്യൂ വകുപ്പ് തിരിച്ചു നൽകി.
കഴിഞ്ഞ ദിവസം വീണ്ടും മണ്ണടിച്ചപ്പോൾ നാട്ടുകാർ പിടികൂടിയ ജെ.സി.ബി ഇപ്പോൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ്. യന്ത്രമുപയോഗിച്ച് വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുമുണ്ട്. റവന്യൂ വാർഡുകൾക്കിടയിലുള്ള തോടും കൈയേറിക്കഴിഞ്ഞു. 240 ലേറെ അപൂർവ സസ്യങ്ങളും 70 ലേറെ പക്ഷികളും മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളുമടങ്ങിയ ജൈവ വൈവിധ്യമേഖലയാണ് കോട്ടൂളി.
കണ്ടൽക്കട് നശിപ്പിച്ചതിനെതിരെ തിങ്കളാഴ്ച വനം വകുപ്പിന് പരാതി നൽകുമെന്ന് കോർപറേഷൻ കൗൺസിലർ കെ.ടി. സുഷാജ് അറിയിച്ചു. അനധികൃതമായി കൊണ്ടിട്ട മണ്ണ് എടുത്തുമാറ്റുകമാത്രമാണ് പോംവഴി. അതിനായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ഉടൻ തുടങ്ങുമെന്നും കൗൺസിലർ പറഞ്ഞു.
മണ്ണിട്ട് നികത്തുന്നത് തടയുന്നവരെ വണ്ടി കയറ്റി കൊല്ലുമെന്നുവരെ ഭയമുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റിൽ ഇത്തരം ശ്രമം ഉണ്ടായെന്നും കൗൺസിലർ പറഞ്ഞു. പെട്ടെന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ശ്രമിച്ച വണ്ടിയുടെ നമ്പറടക്കം നൽകിയിട്ടും നടപടിയുണ്ടായില്ല.
ആൾതാമസമില്ലാത്ത ഭാഗമായതിനാൽ രാത്രി മണ്ണിട്ട് കഴിഞ്ഞാൽ മാത്രമേ നാട്ടുകാർ വിവരമറിയുന്നുള്ളൂ. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന തണ്ണീർത്തടത്തിൽ ഏറെ ഭാഗം നികത്തി വൻ കെട്ടിടങ്ങളടക്കമുള്ളവ വന്നുകഴിഞ്ഞു. ബാക്കി ഭാഗമെങ്കിലും സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് മന്ത്രിക്കൊപ്പം സ്ഥലത്തെത്തിയ കൗൺസിലർ കെ.ടി. സുഷാജ് പറഞ്ഞു.
കോട്ടൂളി തണ്ണീർത്തടം മേഖലയിൽ സ്ഥലം നികത്താൻ കൊണ്ടിട്ട മണ്ണ് ഉടൻ നീക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിദേശം നൽകി. ഞായറാഴ്ച രാവിലെ സ്ഥലം സന്ദർശിച്ച ശേഷം ജില്ലകലകടർക്കാണ് മന്ത്രി മണ്ണ് മാറ്റാൻ നിർദേശം നൽകിയത്. ഗുരുതര പ്രശ്നമാണ് കോട്ടൂളിയിലേതെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ ബോധ്യമായെന്നും വിട്ടുവീഴ്ച വരുത്താതെ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മണ്ണ് പൂർണ്ണമായി മാറ്റി പഴയ നില പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പും നിർദേശം നൽകിയിരുന്നു. കെ.ടി. സുഷാജിെൻറ ശ്രദ്ധ ക്ഷണിക്കലിനെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.