കോഴിക്കോട്: കോവിഡിൽ വീണുടഞ്ഞ അവരുടെ ചിരി ഇനിയും തിരിച്ചുപിടിക്കാനായില്ല. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ ചിരി മായാതിരിക്കാനായി നഗരത്തിൽ പ്രവർത്തിച്ചിരുന്ന വീ സ്മൈൽ എന്ന സ്ഥാപനമാണ് കോവിഡിെൻറ പ്രതിസന്ധി മറികടക്കാനാവാതെ അടഞ്ഞുകിടക്കുന്നത്. 18 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിൽ സ്വയം പര്യാപ്തരായി ജീവിക്കാൻ പരിശീലിപ്പിക്കുന്ന സ്ഥാപനമായിരുന്നു ഇത്. മഹാമാരി വന്നതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് കെട്ടിടം ഒഴിഞ്ഞുകൊടുേക്കണ്ടിവന്നു. ഗൾഫുകാരനായ കെട്ടിടമുടമയും കുടുംബവും നാട്ടിൽ താമസം തുടങ്ങിയതോടെയാണ് കെട്ടിടം കൈമാറേണ്ടിവന്നതെന്ന് ഈ സൽസംരംഭത്തിെൻറ പിന്നിൽ പ്രവർത്തിച്ച ചേവരമ്പലം സ്വദേശി സൈനബ ടീച്ചർ പറഞ്ഞു.
26 വർഷത്തിലേറെയായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ടീച്ചർ തളരാൻ തയാറാകാതെ വീട്ടിലും ഓൺലൈനിലുമായി പരിശീലനം തുടരുകയാണ്. ഓൺലൈൻ പരിശീലനം പലർക്കും അത്ര ഫലപ്രദമല്ലാത്തതിനാൽ അവരുടെ വീടുകളിൽ ചെന്നും പരിശീലനം നടത്തുന്നുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ചപ്രശ്നമുള്ളവർ, ഓട്ടിസം ബാധിച്ചവർ, മറ്റു വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കാണ് ജീവിത പരിശീലനവും തൊഴിൽ പരിശീലനവും നൽകുന്നത്. സ്വയം സഞ്ചരിക്കാനുള്ള പരിശീലനം, കൃഷി, മറ്റു ദൈനംദിന ജോലികൾ, കൈപ്പണികൾ, വൈദഗ്ധ്യം ആവശ്യമില്ലാത്ത മറ്റ് ജോലികൾ എന്നിവയിലെല്ലാം പരിശീലനം നൽകി. 2017 ഒക്ടോബറിൽ നടക്കാവിൽ തുടങ്ങിയ സ്ഥാപനത്തിൽ 48 ഭിന്നശേഷിക്കാരായിരുന്നു പരിശീലനത്തിന് എത്തിയത്. ഇവരെ പരിശീലിപ്പിക്കാൻ 10 ജീവനക്കാരും ഉണ്ടായിരുന്നു.
വിവിധ ജോലികളിൽ പരിശീലനം നേടിയ ഒമ്പതു പേർ ഹോട്ടലുകളിൽ ജോലിക്ക് കയറുകയും ചെയ്തു. മൂന്ന് സ്ത്രീകൾ പാക്കിങ് പരിശീലനം പൂർത്തിയാക്കി സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലിക്ക് കയറാൻ തയാറായപ്പോഴാണ് കോവിഡ് ലോക്ഡൗൺ വരുന്നത്. അതോടെ അവർക്ക് ജോലിക്ക് കയറാൻ സാധിച്ചില്ല. ഇപ്പോഴും കൈത്തൊഴിൽ പരിശീലനം നടക്കുന്നുണ്ട്. എന്നാൽ, സ്ഥാപനമായി നടന്നിരുന്നപ്പോൾ സമൂഹത്തിൽ നിന്ന് നിരവധി പേരുടെ സാമ്പത്തിക സഹായം ഇവർക്ക് ലഭിച്ചിരുന്നു. കെട്ടിടം ഒഴിവായതോടെ ആ സഹായം നിലച്ചു. സ്വയം പണം കണ്ടെത്തിയാണ് നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നത്. ഒരു കെട്ടിടവും പ്രവർത്തിക്കാൻ സ്ഥലവും ലഭിക്കുകയാണെങ്കിൽ സ്ഥാപനം കൂടുതൽ മനോഹരമായി നടത്തിക്കൊണ്ടുപോകാമെന്നാണ് സൈനബ ടീച്ചർ ആഗ്രഹിക്കുന്നത്.
നേരേത്ത, റേഡിയൻറ് ഓറൽ സ്കൂൾ ഓഫ് ഹിയറിങ് ഇംപയേഡ് (റോഷി) എന്ന സ്ഥാപനവും പിന്നീട് തണൽ ഏറ്റെടുത്ത സ്മൈൽ എന്ന സ്ഥാപനവും നടത്തിയിരുന്നു. കലക്ടറുടെ ഡിസെബിലിറ്റി റീഹാബിലിറ്റേഷൻ സെൻററിലും എസ്.എസ്.എയിൽ റിസോഴ്സ് അധ്യാപികയായും സൈനബ ടീച്ചർ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.