മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ദുരന്തസാധ്യത മേഖലകളിലെ കുടുംബങ്ങൾക്കായി ഡിജി ലോക്കർ സംവിധാനത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത്, ജില്ല ഭരണകൂടം, ഐ.ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ഡിജി ലോക്കർ ക്യാമ്പ് നടത്തിയത്.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങി പ്രകൃതിദുരന്ത ഭിഷണിയിൽ കഴിയുന്ന പ്രദേശങ്ങളിലേതുൾപ്പെടെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം നടപ്പിലാക്കുന്നതാണ് ഡിജി ലോക്കർ സംവിധാനം. കാരശ്ശേരി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കുവേണ്ടിയാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ ക്യാമ്പ് നടത്തിയത്. അസ്സൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജി ലോക്കർ സർട്ടിഫിക്കറ്റുകൾക്കും ലഭ്യമാണ്.
ക്യാമ്പിന്റെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, കക്കാട്, കുമാരനല്ലൂർ വില്ലേജ് ഓഫിസർമാരായ നജ്മൽ ഹുദ, ടി.ജെ. അഗസ്റ്റിൻ, ജില്ല പ്രോജക്ട് മാനേജർ എൻ.എസ്. അജീഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.