ബാലുശ്ശേരി: കുടിവെള്ള പദ്ധതി ടാങ്കും പൈപ്പ് ലൈൻ സ്ഥാപിക്കലും പാതിവഴിയിൽ. ഇതോടെ തലയാട് കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പനങ്ങാട് പഞ്ചായത്ത് 32 ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിക്കുന്ന തലയാട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണവും പൈപ്പ് ലൈൻ സ്ഥാപിക്കലും ഇതുവരെ പൂർത്തിയായിട്ടില്ല.
കോളനിയിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണിവിടം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കിണർ കുഴിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. നേരത്തേയുണ്ടായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ജലനിധി പദ്ധതിയിലേക്ക് മാറിയതോടെയാണ് കുടിവെള്ളം കിട്ടാക്കനിയായത്. തലയാട് കുടിവെള്ള പദ്ധതിയുടെ കീഴിൽ പൂനൂർ പുഴയോരത്ത് ടാങ്കിന്റെ പണിയും പൈപ്പ് ലൈൻ സ്ഥാപിക്കലും ഇനിയും പൂർത്തിയായിട്ടില്ല.
ജലവിതരണത്തിനായി പി.വി.സി പൈപ്പുകൾ മണ്ണിനടിയിലാക്കാതെയാണ് പല ഭാഗത്തും സ്ഥാപിച്ചിട്ടുള്ളത്. ഇത് വാഹനം കയറി തകരാനും സാധ്യതയേറെയാണ്. നാട്ടുകാർ പരാതിയുയർത്തിയെങ്കിലും കരാറുകാരനും പഞ്ചായത്തധികൃതരും ചെവിക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.