കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിൽ ഫീസ് താങ്ങാനാവാതെയും പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ കണക്കിലെടുത്തും അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് കുട്ടികളുടെ വൻ െകാഴിഞ്ഞുപോക്ക്. കോവിഡ് കാലത്ത് ജോലി നഷ്ടമായ രക്ഷിതാക്കളടക്കം കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റിച്ചേർക്കുകയാണ്.
ജില്ലയിൽ പുതിയ അധ്യയനവർഷത്തിലും നിരവധി വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്തിമ കണക്ക് ലഭ്യമായിട്ടില്ല. ചില അൺ എയ്ഡഡ് സ്കൂളുകളിൽ ഓരോ ഡിവിഷനിലും ശരാശരി 10 കുട്ടികൾ വരെ ടി.സി വാങ്ങിപ്പോയിട്ടുണ്ട്. ഒരു ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി നേരത്തേ 90 കുട്ടികളുണ്ടായിരുന്നെങ്കിൽ ഈ അധ്യയനവർഷം 80 കുട്ടികളായി ചുരുങ്ങി. ഡിവിഷനുകൾ രണ്ടായി കുറക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളിൽ സൗജന്യവും മെച്ചപ്പെട്ടതുമായ പഠനമുണ്ടെന്നതാണ് പ്രധാന ആകർഷണം. പുസ്തകങ്ങളും യൂനിഫോമും ഉച്ചഭക്ഷണവും ഭക്ഷ്യധാന്യ കിറ്റുകളുമെല്ലാം സൗജന്യമായി ലഭിക്കുന്നത് രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള സൗകര്യവുമുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിൽ 8000ലേറെ കുട്ടികൾ അൺ എയ്ഡഡ് സ്കൂളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഈ വർഷം എണ്ണം കൂടുമെന്നുറപ്പാണ്. ഹൈകോടതി ഉത്തരവുണ്ടായിട്ടും ഫീസിൽ കാര്യമായ കുറവ് വരുത്താത്തത് രക്ഷിതാക്കൾക്ക് തിരിച്ചടിയായിരുന്നു.
ഈ വർഷം ഫീസ് വർധിപ്പിച്ച ചില മാനേജ്മെൻറുകളുമുണ്ട്. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ തോന്നിയ വിലയിട്ടാണ് വിൽക്കുന്നത്. പല ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് 500ലേറെ രൂപ െകാടുക്കണം.
കോവിഡ് കാലത്ത് വിദ്യാർഥികൾ എത്താത്തതിനാൽ വൈദ്യുതി, െവള്ളം അടക്കമുള്ള ഭൗതിക ചെലവുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അധ്യാപകരുടെ ശമ്പളവും വെട്ടിക്കുറച്ചു. ചിലർക്ക് മാസങ്ങളോളം ശമ്പളം നൽകിയിരുന്നില്ല. പലരെയും പിരിച്ചുവിടുകയും ചെയ്തു.
ഫീസടക്കാത്ത വിദ്യാർഥികളെ ക്ലാസിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് പുറത്താക്കി അപമാനിക്കുന്ന സംഭവവുണ്ടായിരുന്നു. ഓൺലൈൻ ക്ലാസുകൾ പലയിടത്തും വാട്സ്ആപ് വഴി ഓരോ ദിവസവും അൽപനേരം മാത്രമായിരുന്നു.
സ്കൂൾ നടത്താൻ ആവശ്യമായ മിനിമം ചെലവിെൻറ അടിസ്ഥാനത്തിലുള്ള തുക വിദ്യാർഥികളടെ എണ്ണത്തിന് ആനുപാതികമായി വിഭജിച്ചുള്ള ഫീസാണ് സ്വീകരിക്കേണ്ടതെന്നാണ് ഹൈകോടതി ഉത്തരവ്. എന്നാൽ, സ്കൂളുകൾ ഈ ഉത്തരവ് മുഖവിലക്കെടുക്കുന്നില്ല. ഫീസ് കുറച്ചുനൽകിയിട്ടുണ്ടെന്നും ഫീസല്ലാതെ മറ്റ് വരുമാനമാർഗമില്ലെന്നുമാണ് അവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.