എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് നെരോത്ത് കാട്ടുപുതുക്കുടി നൊച്ചിക്കുന്നിലെ ഐസ് ക്യൂബ് നിർമാണ യൂനിറ്റിൽനിന്ന് അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. അമോണിയം വാതകം അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ പരിസരവാസികൾ ഭീതിയിലായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും പ്രായമുള്ളവർക്ക് ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഒട്ടേറെ പേർക്ക് കണ്ണെരിച്ചിലും തലവേദനയും അനുഭവപ്പെട്ടു. തൊഴിലാളികൾ വാൽവ് അടച്ചാണ് ചോർച്ച ഒഴിവാക്കിയത്. 10 മിനിറ്റോളം ചോർച്ച ഉണ്ടായതായും നിർമാണശാലയുടെ 150 മീറ്ററേളം ചുറ്റളവിൽ പ്രദേശത്ത് മരങ്ങൾ, ചെടികൾ തുടങ്ങിയവ കരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.
നിർമാണ യൂനിറ്റിലെ ഉപകരണങ്ങളുടെ പഴക്കവും നിലവാരമില്ലായ്മയുമാണ് ചോർച്ചക്കിടയാക്കിയതെന്നും സുരക്ഷ സംവിധാനങ്ങളോ മുൻകരുതലുകളോ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. 50ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലാണ് നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്നത്. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ജീവന് ഭീഷണിയായ സ്ഥാപനം മാറ്റിസ്ഥാപിക്കാനും നിരുത്തരവാദപരമായി സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിച്ചതിന് ഉടമസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി.
മഴക്കാലമായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നും വേനൽക്കാലത്ത് ചോർച്ചയുണ്ടായാൽ ദുരന്തമുണ്ടാവാൻ സാധ്യത ഏറെയാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബാലുശ്ശേരി പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെംബർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകുകയും ഉൽപാദനം നിർത്തിവെക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.