എകരൂൽ: പ്രസവത്തിനിടെ ഗർഭസ്ഥ ശിശുവും അമ്മയും മരിക്കാനിടയായ സംഭവത്തിന് കാരണക്കാർ ചികിത്സിച്ച ഡോക്ടർമാരാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി റിലേ സത്യഗ്രഹത്തിന് ഒരുങ്ങുന്നു.
എകരൂൽ കല്ലാരംകെട്ടിൽ വിവേകിന്റെ ഭാര്യ പാലംതലക്കൽ ആറപ്പറ്റകുന്നുമ്മൽ അശ്വതിയും (35) ഗർഭസ്ഥ ശിശുവുമാണ് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് മരിച്ചത്. സെപ്റ്റംബർ ഏഴിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതിയുടെ ഗർഭസ്ഥശിശു സെപ്റ്റംബർ 12നും ഗുരുതരാവസ്ഥയിലായ അശ്വതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സെപ്റ്റംബർ 13നുമാണ് മരിച്ചത്. ചികിത്സാപിഴവാരോപിച്ച് ഭർത്താവ് വിവേക് അത്തോളി പൊലീസിൽ പരാതി നൽകുകയും മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു.
പൊലീസും ആശുപത്രി അധികൃതരും നടത്തിയ ചർച്ചയെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചിരുന്നെങ്കിലും ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിനാലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ സമര പരിപാടികളുമായി രംഗത്തിറങ്ങിയത്. ഈ മാസം 26 മുതൽ നീതി ലഭിക്കുന്നതു വരെ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിനു മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് നാലിന് എകരൂൽ അങ്ങാടിയിൽ വിശദീകരണ പൊതുയോഗം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.