എകരൂൽ: സുമനസ്സുകളുടെ കാരുണ്യത്തിൽ ഉമ്മിണികുന്നുമ്മൽ യു.കെ. രാജനും മകൾ അനുശ്രീക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. സഹജീവി സ്നേഹത്തിന് വിലകൽപിക്കുന്ന പ്രദേശത്തുകാർ ഒരുമിച്ചുനിന്നതോടെ ഒരു കുടുംബത്തെ ദുരിതത്തിൽനിന്നും ആശ്വാസത്തിന്റെ സ്നേഹത്തണലിലേക്ക് കൈപിടിച്ചുയർത്താനായി.
വീട് ജപ്തി ചെയ്യുമെന്ന ആശങ്ക കുടുംബത്തിനും നാട്ടുകാർക്കും ഇനിയില്ലെന്നതും സ്നേഹത്തിന്റെ സന്ദേശമാണ് പകരുന്നത്. ബാങ്കിലെ കടബാധ്യതകളെല്ലാം അടച്ചുതീർത്തു. മാനസിക വെല്ലുവിളി നേരിടുന്ന മകൾ അനുശ്രീയെ ഒറ്റക്കാക്കി വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു രാജൻ.
ഇവരുടെ ദുരിതജീവിതം കഴിഞ്ഞവർഷം ഡിസംബർ 13ന് നന്മയുള്ള ലോകമേ, കാണണം ഈ കുടുംബത്തിന്റെ ദുരിതജീവിതം എന്ന തലക്കെട്ടിൽ മാധ്യമം വാർത്തയാക്കിയിരുന്നു. വീട് നിർമാണത്തിനായി എടുത്ത ബാങ്ക് ലോൺ പലിശയും പിഴപ്പലിശയുമായി വൻ ബാധ്യതയായപ്പോൾ വീട് ജപ്തി ചെയ്യാൻ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയിരുന്നു. ജനലും വാതിലും ഒന്നുമില്ലാതെ അടച്ചുറപ്പില്ലാത്ത കൂരയിലായിരുന്നു രാജനും മകളും താമസിച്ചിരുന്നത്.
കാര്യമായ ജോലിയും മറ്റു വരുമാനമാർഗവും ഇല്ലാതിരുന്ന രാജന്റെയും മകളുടെയും അവസ്ഥ വളരെ ദയനീയമായിരുന്നു. അനുശ്രീയുടെ ചെറുപ്രായത്തിൽ മാനസിക വെല്ലുവിളി നേരിട്ട അമ്മ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
രാജന്റെ അമ്മ ചിരുതക്കുട്ടിയുടെ മരണവും അനുശ്രീയുടെ രോഗവും രാജനെ വല്ലാതെ തളർത്തി. ഇതിനിടയിലാണ് പണിതീരാത്ത വീട് ജപ്തി ഭീഷണിയിലായത്. കോൺഗ്രസ് പൂനൂർ ടൗൺ കമ്മിറ്റി രംഗത്തിറങ്ങിയാണ് സഹായ കമ്മിറ്റി രൂപവത്കരിച്ചത്.
പി.കെ. സുനിൽകുമാർ (ചെയർമാൻ), സന്ദീപ് കൃഷ്ണൻ (കൺവീനർ), ഷാനവാസ് ട്രഷററുമായ കമ്മിറ്റിയാണ് ധനസമാഹരണം നടത്തിയത്. പ്രദേശത്തെ ഉദാരമതികളും സന്നദ്ധ സംഘടനകളും കൈകോർത്താണ് കുടുംബത്തിന്റെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയത്.
ഉദാരമതികൾ നൽകിയ ഏഴു ലക്ഷത്തോളം രൂപ വിനിയോഗിച്ച് ബാങ്കിലെ കടബാധ്യതകൾ തീർക്കാനും പണിതീരാത്ത വീട് പൂർത്തീകരിക്കാനും കഴിഞ്ഞതോടെ ദുരിതത്തിന് പരിഹാരമായി. ഞായറാഴ്ച വൈകീട്ട് നാലിന് പൂനൂരിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വീടിന്റെ താക്കോൽദാനം നിർവഹിക്കും.
എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, അഡ്വ. പി.എം. നിയാസ്, അഡ്വ. കെ ജയന്ത്, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, നിജേഷ് അരവിന്ദ്, ആർ. ഷഹീൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.