കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 195 കോടി ഫണ്ടുപയോഗിച്ച് ഏഴുനിലയിൽ പണിത പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി.
ജനുവരി 21ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. അന്നേ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമ്പോൾ കോഴിക്കോട്ടെ ഉദ്ഘാടനവും ഓൺലൈനായി നടത്താമെന്നായിരുന്നു തീരുമാനമുണ്ടായിരുന്നത്.
എന്നാൽ, കോഴിക്കോട്ട് ആരോഗ്യ മന്ത്രിയുടെയെങ്കിലും നേരിട്ടുള്ള സാന്നിധ്യമുണ്ടാവണമെന്ന അഭിപ്രായമുയർന്നതിനാലാണ് ഉദ്ഘാടന തീയതിയിൽ അന്തിമ തീരുമാനമാവാത്തത്. 2016ലാണ് പുതിയ അത്യാഹിത വിഭാഗം കോപ്ലംക്സ് നിർമിച്ചത്. 16,263 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക അത്യാഹിത വിഭാഗം, തിയറ്റർ കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.
എം.ആര്.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന താഴെ നിലയിൽ തന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്കാനിങ് എന്നിവയുമുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക് കൂടുതൽ അടിസ്ഥാന സൗകര്യവുമുണ്ടാകും. കുറെ സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽനിന്ന് മാറുന്നതോടെ പ്രധാന കെട്ടിടത്തിൽ കൂടുതൽ ഇടമാവും.
കോവിഡ് നിയന്ത്രണം കാരണമാണ് ഉദ്ഘാടനം വൈകാൻ കാരണം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പുതിയ കെട്ടിടം ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റാൻ ജില്ല ഭരണകൂടത്തിന് അനുമതി നൽകിയിരുന്നു. റോഡപകടങ്ങളിലും മറ്റും ഗുരുതര പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കുന്നതിനായി ട്രോമ കെയർ ആശുപത്രിയും കോംപ്ലക്സിന് സമീപമൊരുക്കാൻ ഭരണാനുമതി കിട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.