ചാത്തമംഗലം: മാലിന്യസംസ്കരണ നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന കർശനമാക്കി. വിവിധ സ്ഥലങ്ങളിൽ നടന്ന മിന്നൽ പരിശോധനകളിൽ മാലിന്യ സംസ്കരണ നിയമലംഘനങ്ങളിൽ പിഴയീടാക്കി.
ചാത്തമംഗലം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കച്ചവടസ്ഥാപനങ്ങളിൽ സൂക്ഷിച്ച 178.650 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കൽ, ഹരിതകർമസേനക്ക് പ്ലാസ്റ്റിക് തരംതിരിച്ച് നൽകാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 79,000 രൂപ പിഴചുമത്തി തുടർ നിയമനടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചശേഷം സെക്രട്ടറി, പഞ്ചായത്ത് നിയോഗിച്ച ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ക്വാഡുകളുടെ പരിശോധന. യൂസർ ഫീസ് നൽകാനുള്ള വിമുഖത കാരണം ചില വ്യക്തികളും സ്ഥാപനങ്ങളും മാലിന്യം രാത്രിസമയങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അത്തരക്കാർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പഞ്ചായത്തുകളിൽ പരാതി സമർപ്പിക്കാം. പരിഹാരമില്ലാത്തപക്ഷം ജില്ല ശുചിത്വമിഷൻ ഓഫിസിലെ പരാതിപരിഹാര സെല്ലിനെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.