വെള്ളിമാട്കുന്ന്: ബാലമന്ദിരത്തിൽനിന്ന് ശുചിമുറിയുടെ വെന്റിലേഷൻ പൊളിച്ച് കുട്ടികൾ ചാടുന്ന രീതി പതിവാകുന്നു. ഏഴുവർഷം മുമ്പ് ആറു കുട്ടികൾ പുറത്തുചാടിയ അതേ ജനലിലൂടെ തന്നെയാണ് വീണ്ടും കുട്ടികൾ രക്ഷപ്പെട്ടത്. കുട്ടികളുടെ സുരക്ഷ വീഴ്ചയിൽ അന്ന് നാലു ജീവനക്കാർക്ക് സസ്പെൻഷനും ലഭിച്ചിരുന്നു. സുരക്ഷ പാളിച്ചകൾ ഏറെയുള്ളതാണ് കുട്ടികളിൽ ഇത്തരം പ്രവണത വർധിക്കുന്നത്.
പല തവണ ഒരേ മാർഗം തന്നെ കുട്ടികൾ സ്വീകരിച്ചിട്ടും അധികൃതർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. സർക്കാർ പല സംവിധാനങ്ങൾ ഒരുക്കിയിട്ടും അതെല്ലാം വെറുതെയാവുകയാണ്. മന്ദിരത്തിനകത്തുനിന്ന് പുറത്തുകടന്നാൽ ജനശ്രദ്ധയേൽക്കാതെ രാവും പകലും വളരെ എളുപ്പത്തിൽ രക്ഷപ്പെടാൻ ഇവിടെ അവസരങ്ങൾ ഏറെയാണ്. നിലവിൽ 25ൽ താഴെ കുട്ടികളാണ് ബാലമന്ദിരത്തിൽ ഉള്ളത്.
ആറു കെയർടേക്കർമാരുണ്ടായിട്ടും സുരക്ഷ ഉറപ്പുവരുത്താൻ ജീവനക്കാർക്ക് കഴിയുന്നില്ല. നൂറു കുട്ടികൾ വരെ ഉള്ളപ്പോഴും ഇതേ തസ്തികകൾ തന്നെയാണ് ഉണ്ടായിരുന്നത്. ആയുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പൊളിക്കുമ്പോഴും ജീവനക്കാർ അറിയുന്നില്ലെന്നത് അത്ഭുതകരമാണെന്നാണ് പൊലീസിനെയും ആശ്ചര്യപ്പെടുത്തുന്നത്.
കഴിഞ്ഞവർഷം പെൺകുട്ടികൾ രക്ഷപ്പെട്ടപ്പോൾ ചില പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖാന്തരം നടത്തിയ ബാലിക മന്ദിരത്തിൽ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ ഇല്ലാത്തത് വീഴ്ചകൾ ആവർത്തിക്കാൻ ഇടവരുത്തുകയാണ്. പെൺകുട്ടികളുടെ നിരീക്ഷണ കേന്ദ്രത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും ആക്ഷപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.