കോഴിക്കോട്: നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമ സമിതിക്കു മുന്നിൽ പ്രശ്നങ്ങളും പ്രയാസങ്ങളും എണ്ണിപ്പറഞ്ഞ് പ്രവാസികളും പ്രവാസി സംഘടനകളും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതി ചെയർമാൻ എ.സി. മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
പ്രവാസികൾക്ക് വയസ്സുപരിധിയില്ലാതെ ബാങ്ക് വായ്പകൾ ലഭ്യമാക്കണം, നോർക്കയിൽനിന്നുള്ള ആനുകൂല്യങ്ങൾക്ക് വരുമാനപരിധി കണക്കാക്കരുത്, കുടുംബശ്രീകൾ പ്രവാസികൾക്കനുവദിക്കുന്ന വായ്പ ഒറ്റത്തവണയായി നൽകണം, യുക്രെയ്ൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് അവസരമൊരുക്കണം, തദ്ദേശ സ്ഥാപനങ്ങൾ പ്രവാസിക്ഷേമത്തിന് പ്രത്യേക ഫണ്ട് വകയിരുത്തണം, പ്രവാസികൾക്ക് സബ്സിഡി വായ്പ നൽകാൻ മുഴുവൻ സഹകരണ സംഘങ്ങൾക്കും അനുമതി നൽകണം, പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിനുള്ള വയസ്സ് നിബന്ധന ഒഴിവാക്കണം, ആനുകൂല്യങ്ങൾ വർധിപ്പിക്കണം, വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം, വിമാന യാത്രക്കൂലി വർധനയിൽ സർക്കാർ ഇടപെടണം, നോർക്ക റൂട്ട്സ് വിവിധ രാജ്യങ്ങളിലെ എംബസികളുമായി കൂടുതൽ സഹകരണം ഉറപ്പാക്കണം, വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് മതിയായ നിയമസഹായം ഉറപ്പാക്കണം, തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങളാരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് പ്രവാസി സംഘടനകൾ സമിതിക്കു മുമ്പാകെ ഉന്നയിച്ചത്. കെ.എസ്.എഫ്.ഇയിൽനിന്നടക്കം പ്രവാസി വായ്പക്ക് കാലതാമസമുണ്ടാകുന്നു. ചില ബാങ്കുകൾ പ്രവാസികൾക്ക് വായ്പ അനുവദിക്കാതെ വട്ടംകറക്കുന്നു, നോർക്കയിലെ ഉദ്യോഗസ്ഥരെന്നു പറഞ്ഞ് ചിലരെത്തി പ്രവാസികളുടെ വിവരങ്ങൾ തിരക്കുന്നു തുടങ്ങിയ പരാതികളും സമിതിക്കു മുന്നിൽ ഉന്നയിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പ്രവാസികാര്യസമിതി അംഗങ്ങളായ കെ.എം. ഉണ്ണികൃഷ്ണന്‍, ഡോ. മാത്യു കുഴല്‍നാടന്‍, ഇ.ടി. ടൈസൺ, ജോയന്‍റ് സെക്രട്ടറി ലിമ ഫ്രാന്‍സിസ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള പ്രവാസി മലയാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിവരങ്ങൾ വെബ്സൈറ്റില്‍
പെൻഷൻ, കുടുംബ പെൻഷൻ, മരണാനന്തര സഹായം, വിവാഹ ധനസഹായം, വിനിത അംഗങ്ങൾക്ക് പ്രസവാനുകൂല്യം, വിദ്യാഭ്യാസ ഗ്രാന്‍റ് തുടങ്ങിയവയാണ് പ്രവാസി ക്ഷേമനിധി മുഖേന ലഭ്യമാക്കുന്നതെന്നും വിവരങ്ങള്‍ pravasikerala.orgൽ ലഭ്യമാണെന്നും പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ ടി. രാകേഷ് അറിയിച്ചു.
സാന്ത്വനം പദ്ധതിയിലൂടെ നോർക്ക റൂട്ട്സ് കഴിഞ്ഞ വർഷം 30 കോടി ചെലവഴിച്ചെന്നും ഇത്തവണ 35 കോടി വകയിരുത്തിയത് ആറായിരത്തിലേറെ പേർക്ക് ഉപയോഗപ്പെടുമെന്നും നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖല സെന്‍റര്‍ മാനേജര്‍ ടി. അനീഷ് പറഞ്ഞു. norkaroots.org എന്ന വെബ്സൈറ്റില്‍ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഹായവും തുടർപഠനവും ഉറപ്പാക്കും
കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് നിയമസഹായവും യുക്രെയ്ൻ, ചൈന ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് മടങ്ങിയ വിദ്യാർഥികളുടെ തുടർപഠന സൗകര്യവുമടക്കം പ്രവാസി സംഘടനകളുന്നയിച്ച ആവശ്യങ്ങർ ഗൗരവംചോരാതെ സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് പരിഹാരമുണ്ടാക്കുമെന്ന് നിയമ സഭയുടെ പ്രവാസി ക്ഷേമസമിതി ചെയർമാൻ എ.സി. മൊയ്തീൻ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്ക് തൊഴിൽ ലഭ്യമാക്കണം, തൊഴിൽ പരിശീലനം നൽകണം എന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.