കോഴിക്കോട്: തെരുവുനായ് ശല്യത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുമ്പോഴും റോഡരികിലും നടപ്പാതകളിലും ഹോട്ടലുകൾക്കുമുന്നിലും കൂട്ടിയിട്ട മാലിന്യക്കൂമ്പാരം നീക്കാൻ നടപടി കൈക്കൊള്ളാതെ അധികൃതർ. കൂട്ടിയിട്ട മാലിന്യത്തിൽനിന്നുവരുന്ന ദുർഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തി നടക്കുന്ന സ്ഥിതിയിലാണ് നഗരവാസികളും യാത്രക്കാരും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹരിതകർമ സേന പ്രവർത്തകർ എടുക്കാറുള്ള മാലിന്യചാക്കുകൾ റോഡരികുകളിലും നടപ്പാതകളിലും കൂട്ടിയിട്ട അവസ്ഥയാണ്.
ജനസാന്ദ്രതയുള്ള ഇടങ്ങളിൽപോലും കൂട്ടിയിട്ട മാലിന്യചാക്കുകളിൽനിന്നും ഭക്ഷണം തേടിയെത്തുന്ന നായ്ക്കളെക്കൊണ്ട് ജനം പൊറുതി മുട്ടി. നഗരത്തിലെ ഇടവഴികളിൽപോലും മാലിന്യ ചാക്കുകൾ നിറഞ്ഞതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്. പ്ലാന്റുകളിൽ കൈകാര്യം ചെയ്യാൻ കഴിയാത്തിടത്തോളം മാലിന്യം നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വയനാട് റോഡിൽ ഡി.സി.സി ഓഫിസിനുമുന്നിലായി ബസ് സ്റ്റോപ് പരിസരത്ത് മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിട്ട് ആഴ്ചകളായി. ബസ് സ്റ്റോപ് പരിസരത്തായതിനാൽ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധത്തിനുപുറമെ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ഭീഷണിയിലാണ് ഈ പ്രദേശം. ഭീതിയോടെയാണ് കുട്ടികളടക്കമുള്ളവർ ഇവിടെ ബസ് കാത്തുനിൽക്കുന്നത്. കണ്ണൂർ റോഡിന്റെ വിവിധ ഭാഗങ്ങളിലും സരോവരത്തും ബൈപാസ് പരിസരങ്ങളിലും കടപ്പുറത്തും തളി കണ്ടംകുളം ജൂബിലി ഹാളിനുമുന്നിലും ഇതുപോലെ മാലിന്യക്കെട്ടുകളുണ്ട്. പലതും ആഴ്ചകളായി കൂട്ടിയിട്ടതാണെന്നാണ് പ്രദേശവാസികളുടെ പരാതി.
ഞെളിയൻപറമ്പിലും വെസ്റ്റ്ഹില്ലിലും നെല്ലിക്കുന്നിലുമാണ് കോർപറേഷന് മാലിന്യ പ്ലാന്റുകളുള്ളത്. ഒരുദിവസം 300 ടണിലേറെ മാലിന്യമാണ് നഗരത്തിൽ ഉണ്ടാകുന്നതെന്നും ഇത്രയുമധികം മാലിന്യം സംസ്കരിക്കുന്നത് എളുപ്പമല്ലെന്നും കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ 'മാധ്യമ'ത്തോട് പറഞ്ഞു.
നെല്ലിക്കുന്ന്, ഞെളിയൻപറമ്പ് പ്ലാന്റുകളിൽ മാലിന്യം വേർതിരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. രണ്ടുമാസം മുമ്പ് നഗരത്തിലെ റോഡരികിലെല്ലാം മാലിന്യ ചാക്കുകൾ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയരുകയും താമരശ്ശേരിയിലെ ഒരു സ്വകാര്യ കമ്പനിക്ക് ക്വട്ടേഷൻ നൽകി കോർപറേഷൻ 12 ഇടങ്ങളിൽ നിന്നായി മാലിന്യം നീക്കുകയും ചെയ്തിരുന്നു. മാലിന്യം നീക്കുന്നതിന് ഇപ്പോൾ പുതിയ കമ്പനിയുമായാണ് കോർപറേഷൻ ധാരണയിലെത്തിയിരിക്കുന്നത്. മാലിന്യ സംസ്കരണ പ്ലാന്റുകൾ വേണ്ട രീതിയിൽ പ്രവൃത്തിക്കാതായതോടെയാണ് നഗരം മാലിന്യക്കൂമ്പാരമാകാൻ കാരണമെന്നാണ് ആരോപണം. എന്നാൽ, വെസ്റ്റ്ഹില്ലിലെ പ്ലാന്റ് പ്രവർത്തനക്ഷമമായെന്നും കൂടുതൽ വേഗത്തിൽ മാലിന്യനീക്കം നടക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു. ഒക്ടോബറോടുകൂടി നഗരത്തിലെ മാലിന്യം പൂർണമായും നീക്കം ചെയ്യാനാകുമെന്ന് ഉറപ്പുനൽകുന്നുണ്ടെങ്കിലും നായ് പേടിയിൽ വലയുന്ന ജനത്തിന് ഈ ഉറപ്പുകൾ ഒട്ടും ആശ്വാസം നൽകുന്നില്ല.
ഇതിനിടെ നഗരത്തിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേന പ്രവർത്തകർക്ക് നൽകേണ്ട തുക മാസങ്ങളായി കുടിശ്ശികയാണെന്നും പരാതിയുണ്ട്. ഹരിതകർമസേന ജനങ്ങളിൽനിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വാഹനവും പണവും നൽകേണ്ടത് കോർപറേഷനാണ്. ബില്ലുകൾ പാസാകാൻ വൈകുന്നത് ഹരിത കർമസേന പ്രവർത്തകർക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ചെറിയ സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാണിച്ചാണ് ബില്ലുകൾ ചുവപ്പുനാടയിൽ കുരുങ്ങുന്നത്. ഇതിനാലാണ് ഹരിത കർമസേന പ്രവർത്തകർ റോഡരികിൽ മാലിന്യം കൂട്ടിയിടുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, നഗരത്തിലെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. വെസ്റ്റ്ഹില്ലിൽ മാലിന്യം വേർതിരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.