രാമനാട്ടുകര: പ്രദേശവാസികളുടെ കടുത്ത എതിർപ്പിനിടയിലും രാമനാട്ടുകര തോട്ടുങ്ങലിൽ ബിവറേജസ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തനമാരംഭിച്ചതിൽ വൻ പ്രതിഷേധം. പ്രതിഷേധക്കാർക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തിവീശിയത് പ്രദേശത്ത് സംഘർഷത്തിനിടയാക്കി. ജനപ്രതിനിധികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.
രാമനാട്ടുകര ബിവറേജ് ഔട്ട്ലെറ്റ് ജനവാസകേന്ദ്രത്തിലേക്ക് മുന്നറിയിപ്പില്ലാതെ മാറ്റിസ്ഥാപിക്കാൻ എത്തിയതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. സംഘർഷത്തിൽ രാമനാട്ടുകര നഗരസഭ 13ാം വാർഡ് കൗൺസിലർ അൻവർ സാദിഖ് പൂവഞ്ചേരി, യൂത്ത് ലീഗ് രാമനാട്ടുകര നഗരസഭ നേതാക്കളായ മഹ്സും പുതുക്കുളങ്ങര, പി.പി. ഹാരിസ്, മുജീബ് റഹ്മാൻ പൂവന്നൂർ, റഷീദ് പാറോൽ തുടങ്ങിയവർക്ക് പരിക്കേറ്റു. തലക്കും ശരീരമാസകലവും ഗുരുതര പരിക്കേറ്റ കൗൺസിലർ അൻവർ സാദിഖിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനാട്ടുകര കെ.ടി.ഡി.സിയുടെ മുന്നിലുള്ള ബിവറേജസ് വിതരണകേന്ദ്രം മുന്നറിയിപ്പില്ലാതെ ബുധനാഴ്ച വൈകീട്ടോടെയാണ് രാമനാട്ടുകര തോട്ടുങ്ങലിലേക്കു മാറ്റിയത്. വൈകീട്ട് അഞ്ചിനാണ് പുതിയ കെട്ടിടത്തിലേക്ക് ലോറിയിൽനിന്ന് ലോഡ് ഇറക്കിത്തുടങ്ങിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗിെൻറ നേതൃത്വത്തിൽ പ്രദേശത്ത് ബഹുജന പ്രതിഷേധസമരം നടത്തി. അവിടത്തെ സമീപവാസികളായ സ്ത്രീകളും സമരത്തിൽ പങ്കെടുത്തു. ഫറോക്ക് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഒരു പ്രകോപനവുമില്ലാതെ ലാത്തി വീശുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൊലീസ് ലാത്തിച്ചാർജ് നടത്തിയതറിഞ്ഞ് നൂറുകണക്കിന് ലീഗ് യൂത്ത്-ലീഗ് പ്രവർത്തകരും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി. തുടർന്ന് പൊലീസ് ഔട്ട്ലെറ്റിന് സംരക്ഷണം നൽകി. ലീഗിെൻറ നേതൃത്വത്തിൽ രാമനാട്ടുകരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.