ഫറോക്ക്: ഭക്ഷ്യധാന്യ വിതരണത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയെ തുടർന്ന് റേഷൻ ഷോപ്പിന് ഭക്ഷ്യവകുപ്പിന്റെ 'പൂട്ട്'. പുറ്റെക്കാട്ട് അങ്ങാടിയിലെ റേഷൻ കടയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ഭക്ഷ്യവകുപ്പ് വ്യാഴാഴ്ച അടച്ചുപൂട്ടിയത്. റേഷൻ കടയിൽനിന്ന് ബുധനാഴ്ച അരിവാങ്ങിയ കാർഡ് ഉടമക്ക് തൂക്കത്തിൽ ഒരു കിലോഗ്രാം കുറവു വന്നതായി പരാതിയുയർന്നിരുന്നു. കാർഡ് ഉടമ ഇതു ചോദ്യം ചെയ്തപ്പോൾ നടത്തിപ്പുകാരൻ തട്ടിക്കയറി സംസാരിച്ചതായും പറയുന്നു. കഴിഞ്ഞ ഡിസംബർ 23ന് സമാന രീതിയിലുള്ള സംഭവം നടന്നിരുന്നതായി കാർഡുടമകൾ പറഞ്ഞു. അന്ന് നടത്തിപ്പുകാരന് താക്കീതു നൽകി വിടുകയായിരുന്നു.
കട നടത്തിപ്പുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നാട്ടുകാർ കടക്കു മുമ്പിൽ ഉപരോധം ഏർപ്പെടുത്തി. തുടർന്ന് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി. താലൂക്ക് സപ്ലൈ ഓഫിസറുടെ നിർദേശപ്രകാരം റേഷനിങ് ഉദ്യോഗസ്ഥരെത്തി കട അടപ്പിച്ചു.
തൂക്കത്തിൽ കുറവു സംഭവിച്ച കാര്യം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ ജോജി സക്കറിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.