ഫറോക്ക്: നല്ലളത്ത് ബൈക്ക് വർക്ഷോപ്പ് നടത്തിവരുകയായിരുന്ന വെളുത്തേടത്ത് ഷാഹുൽ ഹമീദ് (28) എം.ഡി.എം.എയുമായി പൊലീസ് പിടിയിൽ. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിച്ചുവരുകയാണ് ഷാഹുൽ ഹമീദ്. വീടിനോട്ചേർന്നുള്ള വർക് ഷോപ്പിന്റെ മറവിലാണ് പ്രതി ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്.
കോഴിക്കോട് സിറ്റി ആന്റി നർക്കോട്ടിക് അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ ടീമും നല്ലളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിപണിയിൽ ഏകദേശം 80,000 രൂപയോളം വില വരുന്ന 17.830 ഗ്രാം ലഹരി മരുന്ന് സഹിതം പ്രതിയെ പിടികൂടിയത്.
കേരളത്തിനു പുറത്തുനിന്ന് എം.ഡി.എം.എ എത്തിക്കുകയും വീട്ടിൽ വെച്ചുതന്നെ 5ഗ്രാം 10ഗ്രാം പാക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന രീതിയായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഷാഹുൽഹമീദ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ വിലപ്പെട്ട പല തെളിവുകളും ലഭിച്ചിട്ടുള്ളതായി അറിയുന്നു.
സിറ്റി ഡാൻസാഫ് എസ്.ഐ. മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിൽസിറ്റി ഷാഡോസിലെ സി.പി.ഒമാരായ ഷിനോജ്, സരുൺകുമാർ, ശ്രീശാന്ത്, തൗഫീഖ് എന്നിവരും നല്ലളം എസ്.ഐമാരായ രവീന്ദ്രൻ, മനോജ് കുമാർ, സി.പി.ഒമാരായ ബിജീഷ് കുമാർ, രസ്ന രാജൻ എന്നിവരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.