ഫറോക്ക്: ചൊവ്വാഴ്ച വൻ തീപിടിത്തത്തിൽ കത്തിനശിച്ച ഫറോക്കിലെ ഗോഡൗണിനെതിരെ പരിസരവാസികൾ നേരത്തേ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണാണെന്ന് ആദ്യമൊന്നും സമീപവാസികൾക്ക് അറിയില്ലായിരുന്നു.
പിന്നീട് രാസവസ്തുക്കളുടെ അസഹ്യമായ ഗന്ധം പരക്കാൻ തുടങ്ങിയപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് അയൽവാസികൾ സംഘടിച്ച് ജനവാസമേഖലയിൽ നിന്ന് ഗോഡൗൺ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
ഉടമയുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനുള്ളിൽ ഗോഡൗൺ ഇവിടെ നിന്ന് നീക്കുമെന്ന് ഉറപ്പുകൊടുത്തതിനാൽ ഔദ്യോഗികമായി പരാതി നൽകാനൊന്നും നാട്ടുകാർ പോയില്ല. ഈ മാസം അവസാനത്തോടെ ഗോഡൗൺ മാറ്റാനിരിക്കെയാണ് അവിചാരിതമായി വൻതീപിടിത്തവും കനത്ത നാശനഷ്ടവുമുണ്ടായത്.
അഗ്നിവിഴുങ്ങിയ ഇരുനില കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. ഏത് നിമിഷവും ഇത് നിലം പൊത്തിയേക്കാം. ഇതിന്റെ 50 മീറ്റർ ദൂരത്തിലുള്ള മറ്റൊരു കെട്ടിടവും തീപിടിത്തത്തിന് ഇരയായി. ഫെർഫെക്ട് ഫുട് വെയർ കമ്പനിയുടെ അപ്പർ സ്റ്റിച്ചിങ് യൂനിറ്റാണ് കത്തിനശിച്ചത്. തീ ആളിപ്പടർന്നാണ് ഈ കെട്ടിടത്തിലേക്കെത്തിയത്. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ചെരിപ്പ് കമ്പനിക്കുണ്ടായിട്ടുണ്ട്.
അഗ്നി വിഴുങ്ങിയ ഗോഡൗണിന്റെ തൊട്ടു കിഴക്കുവശത്തെ മുല്ലവീട്ടിൽ നജീബിന്റെ വാട്ടർ ടാങ്ക് പൂർണമായും കത്തിനശിച്ചു. ചുമരുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിശമന സേന നജീബിന്റെ വീടിന്റെ മുറ്റത്തുനിന്ന് തീപിടിച്ച കെട്ടിടത്തിലേക്ക് മൂന്നു മണിക്കൂറിലേറെ തുടർച്ചയായി വെള്ളം പമ്പ് ചെയ്തതിനാലാണ് വീട് അഗ്നിക്കിരയാവാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.