ഫറോക്ക്: ദേശീയപാതയിൽ ചെറുവണ്ണൂർ ജങ്ഷന് സമീപം അമിത വേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഓട്ടോകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.40 നാണ് അപകടം.
ഓട്ടോ യാത്രക്കാരി അരീക്കാട് ദേവദാസ് സ്കൂളിലെ അധ്യാപിക ചെറുവണ്ണൂർ സ്വദേശി സുഹറാബി (49), ബൈക്ക് യാത്രികരായ ചെറുവണ്ണൂർ പോസ്റ്റ് ഓഫിസ് ജീവനക്കാരി ഉഷ (52 ), മകൻ അമൽരാജ് (28 ), അരക്കിണർ സ്വദേശി ഫിജാസ് ( 24), ചെറുവണ്ണൂർ പനയതട്ട് സ്വദേശി സുരേഷ് ബാബു ( 57 ) എന്നിവർക്കാണ് പരിക്കേറ്റത്.
കെ.എസ്.ആർ.ടി.സി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചർ ഓട്ടോയിലും മൂന്ന് ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് കടയിലേക്ക് കയറിയത്. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പൈനാപ്പിൾ കയറ്റി വന്ന ഗുഡ്സ് ഓട്ടോ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകളെയും മറ്റു വാഹനങ്ങളെയും മറികടക്കാനുള്ള ശ്രമമാണ് അപകടത്തിലേക്കെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുഴുസമയവും തിരക്കുള്ള ചെറുവണ്ണൂർ ജങ്ഷനിലേക്ക് ദിശമാറി അമിത വേഗതയിൽ എത്തിയതാണ് അപകടത്തിനിടയാക്കിയത്.
ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ട്രാഫിക് പൊലീസും നല്ലളം പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.