ഫറോക്ക്: മിനി സിവിൽ സ്റ്റേഷൻ പ്രഖ്യാപനം ഫറോക്ക് സബ് ട്രഷറിയുടെ ചുവപ്പുനാടക്കുരുക്ക് അഴിച്ചേക്കുമെന്ന് ഉറപ്പായി. അയ്യായിരത്തോളം പെൻഷൻകാരും സേവിങ്സ് ബാങ്ക്, ഫിക്സഡ് ഡെപ്പോസിറ്റ്, ചലാൻ അടക്കൽ തുടങ്ങി ഇതര സേവനങ്ങൾക്കെല്ലാമായി ഇടപാടുകാർ നിരന്തരം ബന്ധപ്പെടുന്ന ഫറോക്ക് സബ്ട്രഷറി വാടകക്കെട്ടിടത്തിൽ കിടന്ന് ഊർധ്വശ്വാസം വലിക്കുമ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ സിവിൽ സ്റ്റേഷൻ പ്രഖ്യാപനം. കോഴിക്കോട് മെയിൻ ട്രഷറിയുടെ ജോലിഭാരം കുറക്കാനായി 1984ലായിരുന്നു ഫറോക്ക് സബ്ട്രഷറി നിലവിൽവന്നത്. ഏകദേശം നാല് പതിറ്റാണ്ടോളമായി ഫറോക്കിൽ പ്രവർത്തിക്കുന്ന ട്രഷറിക്ക് സ്വന്തം കെട്ടിടമില്ല.
പേട്ട റോഡിൽ ചാലിയാർ തീരത്ത് പ്രവർത്തിക്കുന്ന ട്രഷറി 15,000ത്തിലധികം രൂപ മാസവാടക കൊടുക്കുന്നുണ്ട്. കെട്ടിടത്തിൽ സൗകര്യങ്ങൾ കുറവ്. വിസ്താരമില്ലാത്ത മുറികൾക്കുള്ളിൽ ഓഫിസ് പ്രവർത്തനങ്ങൾക്കും നിത്യേനയുള്ള ഇടപാടുകൾ നടത്താനും വളരെയേറെ പ്രയാസമാണ്. കോഴിക്കോട് കോർപറേഷനിൽപെട്ട ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി, ഒളവണ്ണ പഞ്ചായത്ത് എന്നീ പ്രദേശങ്ങളും ഉൾപ്പെട്ട വലിയ ഏരിയതന്നെ ഫറോക്ക് ട്രഷറിക്ക് കീഴിൽ നിലനിൽക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷനുൾപ്പെടെ ഫറോക്ക് ഭാഗത്ത് സർക്കാറിന്റെതന്നെ പരിഗണനയിലുള്ള ഏതെങ്കിലും കെട്ടിടം പ്രാവർത്തികമായാൽ ഭാവിയിൽ അവിടേക്ക് ട്രഷറി മാറ്റിയേക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇതുവരെ ജീവനക്കാരും ഇടപാടുകാരും. സർക്കാർ അധീനതയിലുള്ള ചുങ്കം ചെക്ക് പോസ്റ്റ് നിലനിന്നിരുന്ന സ്ഥലമാണ് മിനി സിവിൽ സ്റ്റേഷന് കണ്ടെത്തിയിട്ടുള്ളത്. പ്രാരംഭ നടപടിക്രമങ്ങളുടെ ഭാഗമായി 10 കോടി രൂപയുടെ ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.