ഫറോക്ക്: പഴയ റോഡ് പാലത്തിന് ഇപ്പോഴും നവീകരണം. മാസങ്ങൾക്ക് മുമ്പ് പാലം അടച്ചിട്ട് നവീകരണം നടത്തിയിരുന്നു. ഇപ്പോൾ ഇത് രണ്ടാം ഘട്ടം. ബുദ്ധിമുട്ടുന്നത് യാത്രക്കാർ. നടപ്പാതയുടെ കോൺഗ്രീറ്റ് തകർന്ന ഭാഗം നവീകരിക്കുന്ന ജോലിയാണ് തുടങ്ങിയത്. നടപ്പാലത്തിന്റെ വടക്കുഭാഗത്തായി കോൺഗ്രീറ്റ് അടർന്ന് കമ്പി പുറത്തേക്ക് കാണുന്നരീതിയിൽ അപകടാവസ്ഥയിലായിരുന്നു. സദാസമയവും യാത്രക്കാർ ഉപയോഗിച്ചുവരുന്നതാണ് ഈ ബ്രിട്ടീഷ് നിർമിത പാത. റോഡ് പാലത്തിന്റെ നവീകരണത്തിന് നീക്കിവെച്ച ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോഴത്തെ നടപ്പാത നവീകരണം. നടപ്പാതയുടെ സ്റ്റീൽ കവചമുൾപ്പെടെയുള്ള മറ്റു നവീകരണ പ്രവർത്തനങ്ങൾ അടുത്തഘട്ടത്തിൽ ആരംഭിക്കാനാണ് പദ്ധതി. അതേസമയം, നടപ്പാത അടച്ചതോടെ കാൽനടക്കാർ ഏറെ ബുദ്ധിമുട്ടിലായി. കാൽനടക്ക് ഒട്ടും സൗകര്യമില്ലാത്ത റോഡ്പാലത്തിലേക്ക് കയറിയാണ് യാത്രക്കാർ നടന്നു പോകുന്നത്. നിരന്തരമായി തലതിരിഞ്ഞ പ്രവൃത്തികളാണ് ഫറോക്ക് പഴയപാലത്തിൽ നടക്കുന്നതെന്ന് വെൽഫെയർ പാർട്ടി ചെറുവണ്ണൂർ യൂനിറ്റ് ആരോപിച്ചു.
പഴയപാലത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾക്ക് വേണ്ടി നടപ്പാത അടച്ചതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ നരകിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഗോവിന്ദൻ ചെറുവണ്ണൂർ അധ്യക്ഷത വഹിച്ചു. എം.എ. ഖയ്യൂം, സിയാസ് ആറ്റിയേടത്ത്, ബഷീർ പാറങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.